chennithala

തിരുവനന്തപുരം: ചില്ലറ മദ്യവില്പന സ്വകാര്യമേഖലക്ക് തീറെഴുതുന്നതിന്റെ മുന്നോടിയാണ് ബാറുകളിൽ നിന്ന് പാഴ്സലായി മദ്യം നൽകാനുള്ള തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. അതിനുള്ള ഓർഡിനൻസ് പിൻവലിക്കണം.ബാറുടമകളുമായി സി.പി.എം നടത്തിയ ചർച്ചയുടെ ഫലമാണിത്.കേന്ദ്ര സർക്കാർ മദ്യവിൽപനശാലകൾ തുറക്കാൻ അനുമതി നൽകിയെങ്കിലും കേരളത്തിൽ തുറക്കേണ്ടെന്നാണ് സി.പി.എം. തീരുമാനിച്ചത്. ഇത് ബാറുടമകളുമായുള്ള ഒത്തുകളിയായിരുന്നു. ഇതിന് പിന്നിൽ വൻകൊള്ളയാണ്. ബാറുകാരിൽനിന്ന് പിരിവ് തുടങ്ങിയിട്ടുണ്ട്.ഓൺലൈൻ വഴി മദ്യം കിട്ടുമ്പോൾ ഔട്ട്‌ലെറ്റുകളിൽ ആരും വരില്ല. അതോടെ ബിവറേജസ് ഔട്ട്‌ലെറ്റുകൾ പൂട്ടേണ്ടിവരും. 12,​400 കോടിയുടെ നഷ്ടം സർക്കാരിനുണ്ടാവും. ബാറുകളിലൂടെ സെക്കൻഡ്‌സ് മദ്യം ഒഴുകാനും സാദ്ധ്യതയുണ്ട്. സർക്കാരിന് 301 മദ്യശാലകളുണ്ട്. ബാറുകളും ബിയർ,​ വൈൻ പാർലറുകളുമായി സ്വകാര്യമേഖലയിൽ 955 മദ്യശാലകളും പ്രവർത്തിക്കുന്നുണ്ട്. ഫലത്തിൽ സർക്കാർ മേഖലയിലുള്ളതിന്റെ മൂന്നിരട്ടി ഔട്ട്‌ലെറ്റുകളാണ് വരാൻ പോകുന്നത്. പ്രളയ സമയത്ത് ബ്രൂവറികളും ഡിസ്‌റ്റിലറികളും അനുവദിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. പ്രതിപക്ഷം എതിർത്തപ്പോൾ പിന്മാറുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.