കാബൂൾ : കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ഗാർഡെസ് നഗരത്തിൽ സ്ഫോടക വസ്തുക്കൾ നിറച്ച ട്രക്ക് പൊട്ടിത്തെറിച്ച് അഞ്ച് മരണം. കാബൂളിൽ നവജാത ശിശുക്കളുടെയും അമ്മമാരുടെയും മരണത്തിനിടയാക്കിയ ആക്രമണത്തിന്റെ നടുക്കം മാറുന്നതിന് മുന്നേയാണ് അടുത്ത സ്ഫോടനം ഉണ്ടായിരിക്കുന്നത്.
പക്തിയ പ്രവിശ്യയിലെ ഗാർഡെസിൽ ജനത്തിരക്കേറിയ മിലിട്ടറി കോടതിയ്ക്ക് മുന്നിൽ ഇന്ന് രാവിലെയാണ് സ്ഫോടനമുണ്ടായത്. മരിച്ചവരെല്ലാം പ്രദേശവാസികളാണ്. 14 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. മരണ സംഖ്യ ഇനിയും ഉയർന്നേക്കാൻ സാദ്ധ്യതയുണ്ട്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. താലിബാനുമായും പാക് ലഷ്കറെ തായിബ സംഘവുമായും ബന്ധമുള്ള ഹഖാനി ഗ്രൂപ്പാണ് സ്ഫോടനത്തിന് പിന്നിലെന്ന് ആരോപണമുണ്ട്. ഇവർ തങ്ങൾ ചെയ്ത ആക്രമണങ്ങളുടെ ഉത്തരവാദിത്വം പരസ്യമായി ഏറ്റെടുക്കുന്നത് വിരളമാണ്.