pic

തിരുവനന്തപുരം: ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേക്കുളള ആദ്യ ട്രെയിൻ നാളെ പുലർച്ചെ എത്തും. രാജ്യതലസ്ഥാനത്ത് നിന്ന് ട്രെയിനിൽ 602 പേരാണ് നാളെ പുലര്‍ച്ചെ തിരുവനന്തപുരത്ത് എത്തുക. തമ്പാനൂർ റെയിൽവേ സ്‌റ്റേഷനിൽ രാവിലെ 5.25 ന് ട്രെയിൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റ് ജില്ലകളിലേക്ക് പോകേണ്ടവർക്ക് 25 കെ.എസ്.ആർ.ടി.സി ബസുകൾ ഏർപ്പാടാക്കിയിട്ടുണ്ട്.

തമിഴ്നാട്ടിലേക്ക് പോകേണ്ടവർക്ക് അഞ്ച് ബസുകൾ ഏർപ്പെടുത്തിയതായി കന്യാകുമാരി കളക്ടർ തിരുവനന്തപുരം ജില്ലാ കളക്ടറെ അറിയിച്ചു. റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ ആരോഗ്യ പരിശോധന കർശനമായി നടത്തുന്നതിനും തുടർ നടപടികൾക്കുമുള്ള സജജീകരണങ്ങളും എർപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലായി ഡൽഹിയിൽ നിന്നുള്ള ട്രെയിനിന് സംസ്ഥാനത്ത് സ്റ്റോപ് ഉള്ളത്.

എ.സി കോച്ചിൽ യാത്രക്കാരെ എത്തിക്കുന്നതിനെതിരെ ആരോഗ്യപ്രവർത്തകർ രംഗത്തെത്തിയത് കൂടി കണക്കിലെടുത്ത് സ്റ്റേഷനിൽ കർശന പരിശോധനയുണ്ടാകും. സ്റ്റേഷനിൽ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി സർവീസുകൾ ഉണ്ടാകും. പാർക്കിംഗ് സ്ഥലത്തേക്ക് യാത്രക്കാരെ എത്തിക്കുന്നതിനും പ്രത്യേക സംവിധാനമുണ്ടാകും. വീടുകളിലേക്ക് പോകുന്നവരെ കൊണ്ടുപോകാനായി ഡ്രൈവർ മാത്രമേ എത്താവൂ. ഓൺലൈനിൽ അപേക്ഷിച്ച് ലഭിച്ച പാസില്ലാത്തവരെ സർക്കാർ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. വീടുകളിലേക്ക് മടങ്ങുന്നവർ നിർബന്ധമായും 14 ദിവസം നിരീക്ഷണത്തിൽ കഴിയണം.

തിരുവനന്തപുരത്ത് ഇറങ്ങുന്ന യാത്രക്കാരുടെ ജില്ല/ സംസ്ഥാനം തിരിച്ചുള്ള വിവരം ഇങ്ങനെ.

തിരുവനന്തപുരം - 150

കൊല്ലം- 84

പത്തനംതിട്ട - 89

ആലപ്പുഴ- 37

കോട്ടയം - 34

തമിഴ്നാട് - 61

പോകേണ്ട സ്ഥലം അറിയിക്കാത്തവർ - 147