തൃശൂർ: ബംഗളുരുവിൽ നിന്ന് നാട്ടിൽ ഒളിച്ചെത്തിയ കഞ്ചാവ് കേസ് പ്രതിയെ പിടിച്ച എക്സൈസ് ഉദ്യോഗസ്ഥർക്ക് ക്വാറന്റൈൻ. ബംഗളുരുവിലെ തീവ്ര കൊവിഡ് ബാധിത പ്രദേശത്ത് നിന്നെത്തിയ യുവാവിനെയാണ് എക്സൈസ് ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം പിടികൂടിയത്. നിയമാനുസൃതമല്ലാതെയാണ് ഇയാൾ ബംഗളുരുവിൽ നിന്ന് നാട്ടിലെത്തിയതെന്ന് ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിൽ വ്യക്തമായതോടെയാണ് യുവാവിനെയും എക്സൈസ് ഉദ്യോഗസ്ഥരെയും ക്വാറന്റൈനിലാക്കാൻ നിർദേശമുണ്ടായത്.
കഴിഞ്ഞ ദിവസം ബ്ലാങ്ങാട് ലോഡ്ജിൽ നിന്നാണ് കഞ്ചാവ് കേസിൽ പ്രതിയായി ഒളിവിൽ കഴിയുകയായിരുന്ന മണത്തല കുറി കളകത്ത് വീട്ടിൽ ജാഫറിനെയാണ് ചാവക്കാട് എക്‌സൈസ് സംഘം പിടികൂടിയത്. ഇതേത്തുടർന്ന് കൊവിഡ് മുൻകരുതൽ നടപടിയുടെ ഭാഗമായാണ് എക്സൈസ് സംഘത്തോട് ക്വാറന്റൈനിൽ പോകാൻ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടത്. പ്രിവന്റീവ് ഓഫീസറുൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരാണ് ക്വാറന്റൈനിലുള്ളത്. റിമാൻഡിലായ പ്രതിയെയും ജയിലിൽ ക്വാറന്റൈനിലാക്കിയിട്ടുണ്ട്.