hair

മലിനീകരണവും അനാരോഗ്യകരമായ ജീവിതശൈലിയും വർദ്ധിച്ചുവരുന്ന കാലത്ത് മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഏവരേയും അലട്ടുന്ന ഒന്നായി മാറിയിരിക്കുന്നു. മുടി കൊഴിച്ചിൽ, പൊട്ടൽ, പിളർപ്പ്, കട്ടി കുറയൽ എന്നിവ മുടിയുടെ ഒഴിവാക്കാനാവാത്ത പ്രശ്‌നങ്ങളായി മാറിയിട്ടുണ്ട്. തിരക്കുള്ള ജീവിതത്തിൽ മുടിയുടെ കാര്യം മിക്കവരും മറന്നുപോകുന്നു. ബ്യൂട്ടി പാർലറിൽ പോയി സമയവും പൈസയും കളയാതെ തന്നെ മുടിയെ മികച്ചതാക്കാൻ വീട്ടിലിരുന്നു ചില കാര്യങ്ങൾ ചെയ്യാവുന്നതാണ്.

നിങ്ങളുടെ മുടി മികച്ചതായി വളരാൻ അൽപം തേങ്ങാവെള്ളവും ചില ചേരുവകളും ഉപയോഗിച്ച് കാര്യം നടത്താവുന്നതാണ്. മുടിയെ പോഷിപ്പിക്കാനും മികച്ചതാക്കാനും സഹായിക്കുന്ന ഘടകമാണ് തേങ്ങാവെള്ളം. മുടി കൊഴിച്ചിൽ പോലുള്ള പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാനും ഇത് സഹായിക്കുന്നു.

ഒരു ചേരുവയും ചേർക്കാതെ ശുദ്ധമായ തേങ്ങാവെള്ളം മാത്രം ഉപയോഗിച്ച് മുടി മെച്ചപ്പെടുത്താൻ സാധിക്കും. അരക്കപ്പ് ശുദ്ധമായ തേങ്ങാവെള്ളം എടുത്ത് തലയോട്ടിയിൽ മസാജ് ചെയ്യുകയാണ് വഴി. ഏകദേശം അഞ്ചു മിനിറ്റ് മസാജ് ചെയ്ത് ബാക്കി വെള്ളം നിങ്ങളുടെ മുടിയിൽ ഒഴിച്ച് 20 മിനിറ്റ് ഉണക്കുക. ഒരു തുണി ഉപയോഗിച്ച് പൊതിഞ്ഞു വയ്ക്കാവുന്നതുമാണ്. ഇതിനു ശേഷം ഷാംപൂ ഉപയോഗിച്ച് ഇളം ചൂടുള്ള വെള്ളത്തിൽ മുടി കഴുകുക..

ഒരു പാത്രത്തിൽ ഒരു ടീസ്പൂൺ നാരങ്ങ നീരെടുത്ത് കാൽക്കപ്പ് തേങ്ങാവെള്ളത്തിൽ ലയിപ്പിക്കുക. ഈ മിശ്രിതം ഏകദേശം 5 മിനിറ്റ് തലയോട്ടിയിൽ മസാജ് ചെയ്യുക. ഏകദേശം 15 മിനിറ്റ് ഉണങ്ങാൻ വിടുക. ശേഷം നേരിയ സൾഫേറ്റ് രഹിത ഷാംപൂവും തണുത്ത വെള്ളവും ഉപയോഗിച്ച് കഴുകുക. ആഴ്ചയിൽ ഒരിക്കൽ ഇത്തരത്തിൽ ചെയ്യാവുന്നതാണ്.

ഒരു പാത്രത്തില്‍ ഒരു ടീസ്പൂൺ ആപ്പിൾ സിഡെർ വിനീഗറെടുത്ത് ഒരു കപ്പ് തേങ്ങാവെള്ളത്തിൽ ലയിപ്പിക്കുക. ഈ മിശ്രിതം മുടിയിൽ പുരട്ടി അഞ്ചു മിനിട്ട് ഉണങ്ങാൻ വിടുക. ശേഷം മിതമായ സൾഫേറ്റ് രഹിത ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയില്‍ ഒരിക്കല്‍ ഇതു ചെയ്യാം. രണ്ടു ടീസ്പൂൺ കറ്റാർ വാഴ ജ്യൂസ്, രണ്ടു ടീസ്പൂൺ ജോജോബ ഓയിൽ എന്നിവയെടുത്ത് കാൽക്കപ്പ് തേങ്ങാവെള്ളത്തിൽ കലർത്തുക. ഈ മിശ്രിതം ഒരു സ്‌പ്രേ കുപ്പിയിലാക്കി മുടിയിൽ സ്‌പ്രേ ചെയ്യുക.

ശേഷം മൃദുവായ സൾഫേറ്റ് രഹിത ഷാംപൂവും തണുത്ത വെള്ളവും ഉപയോഗിച്ച് മുടി കഴുകുക. ഈ മിശ്രിതം ചീത്തയാകാതിരിക്കാൻ നിങ്ങൾക്കിത് റഫ്രിജറേറ്ററിൽ സൂക്ഷിക്കാവുന്നതാണ്. ഒരു പാത്രത്തിൽ ഒരു ടീസ്പൂൺ തേൻ കാൽക്കപ്പ് തേങ്ങാവെള്ളത്തിൽ ലയിപ്പിക്കുക. ഈ മിശ്രിതം ഏകദേശം അഞ്ചു മിനിറ്റ് തലയോട്ടിയിൽ മസാജ് ചെയ്യുക. ഏകദേശം 20 മിനിറ്റ് ഉണങ്ങാൻ വിടുക. തലമുടി ടവ്വലിലോ മറ്റോ പൊതിയാവുന്നതുമാണ്. ഉണങ്ങിയ ശേഷം നേരിയ ഷാംപൂ ഉപയോഗിച്ച് തണുത്ത വെള്ളത്തിൽ കഴുകുക. ആഴ്ചയിൽ രണ്ടുതവണ ഇത് ചെയ്യാവുന്നതാണ്.