alcha

വാമനപുരം: പാങ്ങോട് കാഞ്ചിനട തോട്ടുംപുറത്ത് വാമനപുരം എക്സൈസ് നടത്തിയ പരിശോധനയിൽ 15 ലിറ്റർ ചാരായവും 1100 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. ഒന്നരലക്ഷത്തോളം രൂപയുടെ വാറ്റ് സാധനങ്ങൾവരുമിത്. പാങ്ങോട് കൊച്ചാലുംമൂട് തോട്ടുംപുറം സ്വദേശി ഇർഷാദ് (40), കാഞ്ചിനട മൊട്ടോട്ടുകാല സ്വദേശി ശശി (48) എന്നിവർക്കെതിരെ കേസെടുത്തു. ഇവർ എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ടിരുന്നു. വനത്തിൽ കടന്നതായി സംശയിക്കുന്നു.

ലോക്ക് ‌ഡൗണിൽ മദ്യശാലകൾ പ്രവർത്തിക്കാതിരിക്കുന്ന സാഹചര്യം മുതലെടുത്ത്, വൻ ലാഭം മുന്നിൽക്കണ്ടു നടത്തിവന്ന മദ്യ നിർമ്മാണ യൂണിറ്റാണ് എക്സൈസ് സംഘം തകർത്തത്. കാഞ്ചിനട മേഖലയിൽ വ്യാജവാറ്റ് സജീവമാകുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് തോട്ടുംപുറം വനമേഖലയോടു ചേർന്ന് വാറ്റു കേന്ദ്രം കണ്ടെത്തിയത്. ലോക്ക് ഡൗൺ കാലത്ത് ജില്ലയിൽ നടന്ന ഏറ്റവും വലിയ ചാരായ വേട്ടകളിലൊന്നാണിത്. എക്സൈസ് ഇൻസ്‌പെക്ടർ ഷമീർ ഖാന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ സുരേഷ് കുമാർ, പി.ഡി. പ്രസാദ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ സ്നേഹേഷ്, അനിരുദ്ധൻ, ദിലീപ് കുമാർ, ഷഹീനബീവി, ഡ്രൈവർ സജീബ് എന്നിവർ പങ്കെടുത്തു.