nirmala-sitharaman-

ന്യൂഡൽഹി: കൊവിഡ് സാമ്പത്തിക പാക്കേജിലെ രണ്ടാംഘട്ട പ്രഖ്യാപനം തുടങ്ങി. കുടിയേറ്റ തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, ചെറുകിട കച്ചവടക്കാർ, കർഷകർ എന്നിവർക്ക് വേണ്ടിയുള്ള സാമ്പത്തിക പാക്കേജാണ് പ്രഖ്യാപിക്കുന്നത്. ഒമ്പത് പദ്ധതികളാണ് ഇവർക്കായി പ്രഖ്യാപിക്കുന്നത്. കർഷകർക്കായി രണ്ട് പദ്ധതികളാണ് പ്രഖ്യാപിക്കുന്നത്. ഇതിൽ മൂന്ന് പദ്ധതികളാണ് കുടിയേറ്റ തൊഴിലാളികൾക്കായി പ്രഖ്യാപിക്കുന്നത്. മോദി സർക്കാർ 25 ലക്ഷം കർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡുകൾ നൽകിയെന്നും ഇതുവഴി 25,000 കോടിയുടെ സാമ്പത്തിക സഹായം കർഷകർക്ക് ലഭിച്ചുവെന്നും നിർമ്മല സീതാരാമൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങൾ സർക്കാർ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് പറഞ്ഞ ധനമന്ത്രി കർഷകർക്കും ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്കും സർക്കാർ കൊവിഡ് കാലത്ത് പണലഭ്യത ഉറപ്പാക്കിയെന്നും പറഞ്ഞു. കൊവിഡ് കാലത്ത് സർക്കാർ വെറുതെയിരിക്കുകയായിരുന്നില്ലെന്ന് പറഞ്ഞ ധനമന്ത്രി കാർഷിക വായ്പയ്ക്കുള്ള അധിക പലിശ സബ്‌സിഡി മെയ് 31 വരെ നീട്ടിയതും 3 കോടി കർഷകർക്ക് മൂന്ന് മാസത്തേക്ക് വായ്‌പ മോറട്ടോറിയം പ്രഖ്യാപിച്ചതും ചൂണ്ടിക്കാട്ടി.

11002 കുടിയേറ്റ തൊഴിലാളികൾക്ക് സർക്കാർ സഹായം കൈമാറിയെന്നും അവർക്ക് അഭയകേന്ദ്രങ്ങൾ വഴി ഭക്ഷണം ഉറപ്പാക്കിയെന്നും ധനമന്ത്രി അവകാശപ്പെട്ടു. സംസ്ഥാനദുരന്തനിവാരണ ഫണ്ട് വഴി കുടിയേറ്റ തൊഴിലാളികൾക്ക് പണം ഉറപ്പാക്കി. തൊഴിലുറപ്പ് പദ്ധതിയിൽ അമ്പത് ശതമാനം പേർ കൂടുതൽ രജിസ്ടർ ചെയ്‌തുവെന്നും ധനമന്ത്രി പറഞ്ഞു.

ഇന്നത്തെ പ്രഖ്യാപനങ്ങൾ

 ഒരു ഇന്ത്യ ഒരു കൂലി നടപ്പാക്കും

 സമസ്ത തൊഴിൽ മേഖലയിലും മിനിമം കൂലി ഉറപ്പാക്കും

 ജോലിസ്ഥലങ്ങളിൽ സുരക്ഷ മാനദണ്ഡങ്ങളിൽ ഉറപ്പാക്കും

 മഴക്കാലത്തും തൊഴിലുറപ്പ് പദ്ധതി നടത്തും

 രാത്രികാലങ്ങളിൽ ജോലി ചെയ്യുന്ന വനിതകൾക്ക് സുരക്ഷ ഉറപ്പാക്കും

 തൊഴിലാളികൾക്ക് വാർഷിക ആരോഗ്യപരിശോധന നിർബന്ധമാക്കും

 മടങ്ങിയെത്തുന്ന തൊഴിലാളികളെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തും

 തോട്ടം, ഹോർട്ടികൾച്ചർ, കന്നുകാലി പരിപാലന മേഖലയിലേക്കും തൊഴിലുറപ്പ് പദ്ധതി വ്യാപിപ്പിക്കും

 മിനിമം കൂലിയിലെ പ്രാദേശിക വേർതിരിവ് ഇല്ലാതാക്കും

 എല്ലാ അന്യസംസ്ഥാന തൊഴിലാളികൾക്കും 2 മാസത്തേക്ക് സൗജന്യ റേഷൻ

 റേഷൻ കാർഡില്ലാത്ത അന്യസംസ്ഥാന തൊഴിലാളികൾക്കും സൗജന്യ റേഷൻ

 5 കിലോ ധാന്യവും ഒരു കിലോ കടലയും ഒരു വ്യക്തിക്ക് നൽകും

 അന്യസംസ്ഥാന തൊഴിലാളികൾക്ക് റേഷൻ നൽകുന്നതിലെ മുഴുവൻ ചെലവും കേന്ദ്രം വഹിക്കും. നടത്തിപ്പ് ചുമതല സംസ്ഥാന സർക്കാരുകൾക്ക്.

 സൗജന്യ റേഷൻ വിതരണത്തിന് നീക്കിവച്ചത് 3500 കോടി

 ആഗസ്റ്റ് ഇരുപതിന് മുമ്പ് ഒരു രാജ്യം ഒരു റേഷൻ കാർഡ് നടപ്പാക്കും

 ഒരു റേഷൻ കാർഡ് രാജ്യത്ത് എവിടെയും ഉപയോഗിക്കാം

 67 കോടി ആളുകളുടെ റേഷൻ കാർഡ് ആഗസ്റ്റ് ഇരുപതിന് മുമ്പ ഇതിലേക്ക് മാറ്റും

 എല്ലാ തൊഴിലാളികൾക്കും നിയമന ഉത്തരവ് ഉറപ്പാക്കും

 അന്യസംസ്ഥാന തൊഴിലാളികൾക്ക് ന്യായമായ വാടകയ്ക്ക് താമസ സൗകര്യം

 പൊതു സ്വകാര്യ പങ്കാളിത്തത്തോടെ പാർപ്പിട സമുച്ചയങ്ങൾ പണിയും. പദ്ധതി നടപ്പാക്കുന്നത് പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം.

മുദ്ര ശിശു വായ്‌പകൾക്ക് ഒരു വർഷത്തേക്ക് രണ്ട് ശതമാനം പലിശ സബ്സിഡി. ഇളവ് ഒരു വർഷത്തേക്ക്.

 വഴിയോര കച്ചവടകാർക്ക് ഒരു മാസത്തിനകം പ്രത്യേക വായ്പ പദ്ധതി

 5000 കോടി രൂപ വായ്പ പദ്ധതിക്കായി നീക്കി വയ്ക്കും

 ഒരു വഴിയോര കച്ചവടക്കാരന് പതിനായിരം രൂപ വരെ വായ്‌പ ലഭിക്കും

 ഇടത്തരക്കാർക്കും ഭവനനിർമ്മാണ മേഖലയ്ക്കും എഴുപതിനായിരം കോടിയുടെ പദ്ധതി

 ലഘു ഭവനവായ്‌പകൾക്കുള്ള പലിശ സബ്‌സിഡി 2021 മാർച്ച് വരെ നീട്ടി

 ആറ് ലക്ഷത്തിനും 18 ലക്ഷത്തിനും ഇടയ്ക്ക് വരുമാനമുള്ളവർക്കാണ് പ്രയോജനം

 ഗോത്ര ആദിവാസി വിഭാഗങ്ങൾക്ക് പ്രത്യേക ഫണ്ട്

 6000 കോടി രൂപ സംസ്ഥാനങ്ങൾക്ക് നൽകും

നബാർഡ് വഴി മുപ്പതിനായിരം കോടി കർഷകർക്ക്

 ചെറുകിട കർഷകർക്കാണ് തുക നൽകുന്നത്. മൂന്ന് കോടി കർഷകർക്ക് ഗുണം ലഭിക്കും

 കിസാൻ ക്രെഡിറ്റ് കാർഡിൽ മത്സ്യത്തൊഴിലാളികളെയും മൃഗ പരിപാലനം നടത്തുന്ന കർഷകരെയും ഉൾപ്പെടുത്തും