ധാക്ക: രാജ്യത്ത് കൊവിഡിന്റെ തീവ്രത ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ കൊവിഡ് രോഗികളെ ചികിത്സിക്കാൻ മൂന്നാഴ്ച കൊണ്ട് കൂറ്റൻ ഫീൽഡ് ഹോസ്പിറ്റൽ നിർമിച്ച് ബംഗ്ലാദേശ്. തെക്കൻ ഏഷ്യൻ രാജ്യമായ ബംഗ്ലാദേശിൽ ഇതേവരെ 18,863 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 283 പേർ മരിക്കുകയും ചെയ്തു. രാജ്യത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നടപ്പാക്കുന്നുണ്ടെങ്കിലും രോഗവ്യാപനം കുത്തനെ ഉയരുകയാണ്. ബംഗ്ലാദേശിൽ കൊവിഡ് പരിശോധനകൾ താരതമ്യേന കുറവാണ്.
ബംഗ്ലാദേശിലെ സംസ്ഥാനങ്ങൾക്ക് കീഴിലുള്ള ഒരുപിടി സർക്കാർ ആശുപത്രികളിലാണ് നിലവിൽ കൊവിഡ് രോഗികളെ ചികിത്സിക്കുന്നത്. ഇപ്പോൾ ധാക്കയിൽ നിർമിച്ചിരിക്കുന്ന ബസുന്ധര കൺവെൻഷൻ സെന്റർ ഗ്രിഡ് ഹോസ്പിറ്റൽ എന്ന താത്കാലിക ആശുപത്രിയിൽ 2,084 കിടക്കകളാണ് സജ്ജീകരിച്ചിരിക്കുന്നത്.
ഈ ആശുപത്രിയുടെ വരവോടെ മറ്റ് സർക്കാർ ആശുപത്രികളിലെ തിക്കും തിരക്കും കുറയ്ക്കാനുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. നിലവിൽ ഈ ആശുപത്രിയുടെ പ്രവർത്തനം തുടങ്ങണമെങ്കിൽ 4,000 ആരോഗ്യ പ്രവർത്തകരെ ആവശ്യമായുണ്ട്. ബംഗ്ലാദേശിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയായ ബസുന്ധര ഗ്രൂപ്പാണ് ആശുപത്രിയുടെ നിർമാതാക്കൾ. 250 ലേറെ തൊഴിലാളികൾ ചേർന്ന് രാത്രിയും പകലും ജോലി ചെയ്താണ് മൂന്നാഴ്ചക്കുള്ളിൽ ആശുപത്രി നിർമാണം പൂർത്തിയാക്കിയത്. 3.4 ദശലക്ഷം യു.എസ് ഡോളറാണ് ആശുപത്രിയുടെ നിർമാണത്തിന് വേണ്ടി വന്ന ചെലവ്.