pic

തൃശൂർ: തൃശൂരിൽ വൻ കഞ്ചാവ് വേട്ട. മണ്ടൻചിറ ഭാഗത്തു നടത്തിയ പരിശോധനയിൽ 220 കിലോയോളം കഞ്ചാവും അത് കടത്താൻ ഉപയോഗിച്ച രണ്ടു ആഡംബര കാറുകളും അനവധി മാരകായുധങ്ങളും പിടികൂടി. സംഭവത്തിൽ തൃശൂർ സ്വദേശികളായ രൂപേഷ്, രാഹുൽ എന്നിവരെ അറസ്റ്റ് ചെയ്തു. എക്‌സൈസ് കമ്മീഷണറുടെ കീഴിലുള്ള എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് സർക്കിൾ ഇൻസ്‌പെക്ടർ അനികുമാറും പാർട്ടിയുമാണ് ഇവരെ പിടികൂടിയത്.

സംഘത്തലവനായ കടു എന്ന നൈഫിനെയും പ്രതിയാക്കി .മണ്ണഞ്ചിറ ഭാഗത്ത് വാടകയ്ക്ക് വീടെടുത്തശേഷം ആന്ധ്രയിൽ നിന്നും വൻ തോതിൽ കഞ്ചാവ് കൊണ്ടുവന്ന് മദ്ധ്യകേരളത്തിൽ വിതരണം ചെയ്യുന്ന സംഘമാണ് പിടിയിലായത്. സംഘത്തിൽ കൂടുതൽ ആൾക്കാർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. സർക്കിൾ ഇൻസ്‌പെക്ടർ അനികുമാറിനെ കൂടാതെ സി.ഐ കെ.വി സദയകുമാർ എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ജി കൃഷ്ണ കുമാർ, എ പ്രദീപ് റാവു, കെ.വി വിനോദ്, ടി.ആർ മുകേഷ് കുമാർ, പ്രിവന്റീവ് ഓഫീസർ മധുസൂദനൻ നായർ സിവിൽ എക്‌സൈസ് ഓഫീസർമാരായ ജസീം, സുരേഷ് ബാബു, സുബിൻ ഷംനാദ്, രാജേഷ് എന്നിവരും ത്രിശൂർ റേഞ്ച് പാർട്ടിയും ഉണ്ടായിരുന്നു. അഡീഷണൽ എക്‌സൈസ് കമ്മിഷണർ സാം ക്രിസ്റ്റി ഡാനിയൽ ഐ പി എസ്, മദ്ധ്യ മേഖല ജോയിന്റ് എക്‌സൈസ് കമ്മീഷണർ കെ സുരേഷ് ബാബു,ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ സി കെ സനു എന്നിവർ സ്ഥലത്തെത്തി ആവശ്യമായ നിർദേശങ്ങൾ നൽകി.