കുറ്റിച്ചൽ: ഒരു പ്രദേശത്തിനാകെ കരുതലും ആശ്വാസവുമായി കൊവിഡ്19 എന്ന വാട്‌സ് ആപ്പ് കൂട്ടായ്‌മ. ലോക്ക് ഡൗൺ തുടങ്ങിയ ശേഷം നാടിനു കരുതലാകാൻ ആട്ടോ തൊഴിലാളിയും കലാകാരനും സാമൂഹ്യ പ്രവർത്തകനുമായ കുറ്റിച്ചൽ വിജയകുമാറാണ് കൊവിഡ്19 എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചത്. രാഷ്ട്രീയമോ ജാതിമത ചിന്തയോ ഇല്ലാതെ അംഗങ്ങളെ ചേർക്കുകയും ഗ്രൂപ്പിലൂടെ ആശയങ്ങൾ പങ്കുവച്ചു സജീവമായി ഇടപെടൽ നടത്താൻ മുന്നോട്ടു വന്നവരുടെ പങ്കാളിത്തത്തോടെ പ്രവർത്തനം വിപുലീകരിച്ചു. ലോകത്തെ പിടിച്ചു കുലുക്കിയ മഹാവ്യാധിക്കെതിരെ സ്വന്തം നാടിനെ സംരക്ഷിക്കാൻ 256 പേരടങ്ങുന്ന അംഗങ്ങൾ ഒറ്റക്കെട്ടായി നിന്നപ്പോൾ ദിവസങ്ങൾക്കുള്ളിൽ ആശയം നടപ്പാക്കുകയും നാട്ടുകാർ, പൊലീസ്, ആരോഗ്യവകുപ്പ്, വനംവകുപ്പ്, ഫയർഫോഴ്സ്, റവന്യൂ, പഞ്ചായത്ത് ഉൾപ്പടെയുള്ള സ്ഥാപനങ്ങൾക്ക് കൂട്ടായ്മയുടെ സഹായവും ആദരവും എത്തി. വിവിധ ക്ലബുകൾ, ഡെയിൽ വ്യൂ, മാനവീയം, വിവിധ സംഘടനകൾ, സ്ഥാപനങ്ങൾ, പ്രവാസികൾ ഉൾപ്പടെ കൊവിഡ്19 എന്ന സാമൂഹ്യ സേവന ഗ്രൂപ്പ് പങ്കാളികളായി. ഇതിനോടകം 12 ദിവസം കമ്യൂണിറ്റി കിച്ചണിലേക്ക് ഭക്ഷ്യ ധാന്യങ്ങൾ എത്തിച്ചു. ഡയാലിസിസ് രോഗിക്ക് നിരവധി തവണ സൗജന്യ യാത്രയ്ക്കും ചികിത്സക്കും സൗകര്യം ഒരുക്കി, ഗ്രൂപ്പിൽ അംഗങ്ങളായ ഓട്ടോ തൊഴിലാളികൾ കൂലി സൗജന്യമാക്കി തലസ്ഥാനത്തുൾപ്പെടെ ആശുപത്രികളിൽ ചികിത്സക്കും പരിശോധനകൾക്കുമായി എത്തിച്ചു. നിർധനർക്കും അശരണർക്കും പച്ചക്കറി - പലവ്യഞ്ജന കിറ്റും മാസ്ക് എന്നിവയും ഈ കൂട്ടായ്മയിൽ നിന്നും നൽകി. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതുവരെ സേവന പ്രവർത്തനം തുടരാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നതെന്ന് ഗ്രൂപ്പ് അഡ്മിന്മാർ പറയുന്നു.