ദുബായ്: ഒൻപത് സ്ഥലങ്ങളിലേക്ക് മേയ് 21 മുതൽ ദുബായ് വിമാനക്കമ്പനിയായ എമിറേറ്റ്സ് സർവീസ് ആരംഭിക്കും. ലണ്ടൻ ഹീത്രോ ഫ്രാങ്ക്ഫർട്ട്, പാരീസ്, മിലാൻ, മാഡ്രിഡ്, ചിക്കാഗോ, ടൊറന്റോ, സിഡ്നി, മെൽബൺ എന്നിവിടങ്ങളിലേക്കാണ് സർവീസുകൾ.
യു.കെക്കും ഓസ്‌ട്രേലിയയ്ക്കും ഇടയിൽ യാത്ര ചെയ്യുന്നവർക്കായി ദുബായിൽ കണക്ഷൻ ഫ്‌ളൈറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. അതാത് രാജ്യങ്ങളുടെ പ്രവേശന മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സർവീസ്. ദുബായിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന യു.എ.ഇ നിവാസികൾ ഫെഡറൽ അതോറിട്ടി ഫോർ ഐഡന്റിഫൈ ആൻഡ് സിറ്റിസൺഷിപ്പിൻെറ അനുമതി നേടിയിരിക്കണം.
സർക്കാർ അംഗീകാരത്തിന് വിധേയമായി ദുബായിൽ നിന്ന് ടോക്കിയോ നരിറ്റ, കോനാക്രി, ഡാകാർ എന്നിവിടങ്ങളിലേക്കും ഈ ആഴ്ച വിമാന സർവീസ് നടത്താൻ എയർലൈൻ പദ്ധതിയിടുന്നു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ, ഉപഭോക്താക്കളെയും ജീവനക്കാരെയും തെർമൽ സ്‌കാനറുകൾ വഴി താപനില പരിശോധിക്കും. ആശയവിനിമയ സമയത്ത് അധിക സുരക്ഷ നൽകുന്നതിന് ചെക്ക് ഇൻ കൗണ്ടറുകളിൽ അധിക സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെ എല്ലായാത്രക്കാർക്കും ജീവനക്കാർക്കും കയ്യുറകളും മാസ്‌ക്കും നിർബന്ധമാണ്. എമിറേറ്റ്സിന്റെ ക്യാബിൻ ക്രൂ, ബോർഡിംഗ് ഏജന്റുമാർ, ഗ്രൗണ്ട് സ്റ്റാഫ് എന്നിവർക്ക് വ്യക്തിഗത ഡിസ്‌പോസിബിൾ ഗൗൺ, സുരക്ഷാ വിസർ എന്നിവയുൾപ്പെടെ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ നൽകും.