mexico

മെക്സിക്കോ സിറ്റി : ഏപ്രിൽ അവസാനം മുതൽ ഇതേവരെ മെക്സിക്കോയിൽ വ്യാജമദ്യം കഴിച്ച് മരിച്ചവർ 70ലേറെ പേർ. സാധാരണക്കാർ തിങ്ങിപാർക്കുന്ന ചെറു നഗരമായ പ്യൂബ്‌ലയിൽ മാത്രം 20 ലേറെ പേരാണ് വ്യാജ മദ്യം കഴിച്ച് മരിച്ചത്. രാജ്യം കൊറോണ വൈറസിനെതിരെ പോരാടുന്നതിനിടെയാണ് വ്യാജ മദ്യ മരണങ്ങളുടെ എണ്ണം പെരുകുന്നത്.

രോഗവ്യാപനം തടയുന്നതിനായി രാജ്യത്തെ മദ്യ വില്പന പല സംസ്ഥാനങ്ങളിലും നിരോധിച്ചിരിക്കുകയാണ്. മദ്യ വില്പന അവശ്യസേവനമല്ലെന്ന് മെക്സിക്കൻ സർക്കാർ ഉത്തരവിട്ടതോടെ ബിയർ വില്പനയും രാജ്യവ്യാപകമായി നിലച്ചു. തുടർന്നാണ് കരിഞ്ചന്തയിലുൾപ്പെടെ വ്യാജമദ്യ വിപണി ശക്തി പ്രാപിച്ചത്.

പ്യൂബ്‌ലയിലെ ചികോൺകോട്‌ല ഗ്രാമത്തിലാണ് വ്യാജ മദ്യ മരണം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കാപ്പി, മുളക്, തക്കാളി കൃഷികളിൽ ഏർപ്പെട്ടിരുന്ന ജനങ്ങൾ ജീവിക്കുന്ന ഈ പ്രദേശത്ത് ഇതേ വരെ ഒരു കൊവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. 12,000 ആണ് ചികോൺകോട്‌ലയിലെ ജനസംഖ്യ. തിങ്കളാഴ്ച മുതൽ 20 പേരാണ് ഇവിടെ വ്യാജ മദ്യം കഴിച്ച് മരിച്ചതെന്നാണ് റിപ്പോർട്ട്. മെക്സിക്കോയിലെ രണ്ടാമത്തെ വലിയ നഗരമായ ഹാലിസ്കോയിൽ 28 ലേറെ പേർ വ്യാജ മദ്യം കഴിച്ച് മരിച്ചെന്നും അധികൃതർ വ്യക്തമാക്കുന്നു.