ആറ്റിങ്ങൽ: കൊവിഡ് ലോക്ക് ഡൗൺ അയഞ്ഞു തുടങ്ങിയിട്ടും വസ്ത്ര വ്യാപാര ശാലകൾ തുറക്കാത്തത് ദുരിതം വിതയ്ക്കുന്നു. ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും തുണിക്കടകൾ തുറക്കേണ്ടെന്നാണ് സർക്കാർ പറയുന്നത്. എല്ലാ മാനദണ്ഡങ്ങളും പാലിക്കാമെന്ന് വ്യാപാരികൾ ഉറപ്പ് നൽകിയിട്ടും സർക്കാർ അയയുന്നില്ല.

അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ട ലോക്ക് ഡൗൺ കാരണം രണ്ടു മാസത്തോളമായി വസ്ത്ര വ്യാപാരമേഖല പൂർണമായും നിലച്ചിരിക്കുകയാണ്. റംസാൻ പ്രമാണിച്ച് വ്യാപാര സ്ഥാപനങ്ങളിൽ വലിയ സ്റ്റോക്കാണ് ശേഖരിച്ചത്. അവ വില്പന നടത്താൻ കഴിയാത്തത് കാരണം വൻ സാമ്പത്തിക പ്രതിസന്ധിയാണ് വ്യാപാരികൾക്ക് ഉണ്ടായത്. ലക്ഷങ്ങൾ ഡെഡ് മണിയായ അവസ്ഥയാണിപ്പോൾ.
ലോക്ക് ഡൗൺ ഇളവുകളുടെ അടിസ്ഥാനത്തിൽ ഒരു നിലയുള്ള തുണിക്കടകൾ തുറന്നു പ്രവർത്തിക്കാനുള്ള അനുമതി ഇപ്പോൾ ലഭിച്ചിട്ടുണ്ട്.ചെറുകിട വസ്ത്ര വ്യാപാരികൾക്ക് ഈ നടപടി വലിയൊരു ആശ്വാസവും നൽകുന്നുണ്ട്. എന്നാൽ സംസ്ഥാനത്തെ നൂറുകണക്കിന് വരുന്ന ബഹുനിലകളിൽ പ്രവർത്തിക്കുന്ന വസ്ത്ര വ്യാപാരശാലകൾ ഇപ്പോഴുംപൂർണമായും അടഞ്ഞു കിടക്കുകയാണ്. റംസാൻ തീരാൻ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ കൂടിയേ അവശേഷിക്കുന്നുള്ളൂ.ഈ അവസരത്തിൽ ബഹു നിലയുള്ള കടകൾക്കു കൂടി തുറന്നു പ്രവർത്തിപ്പിക്കാൻ നിബന്ധനകളോടെ അനുവാദം നൽകണമെന്നാണ് വ്യാപാരികളുടെ നിവേദനം. ഇതുസംബന്ധിച്ച് ആൾ കേരള ടെക്റ്റയിൽസ് ആന്റ് ഗാർമെന്റ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ മുഖ്യമന്ത്രിയ്ക്ക് സങ്കട ഹർജി നൽകി. സംഘടനയുടെ സൗത്ത് സോൺ ഭാരവാഹികളായ ശങ്കരൻ കുട്ടി സ്വയംവര,ഷാനി മനാഫ് ,സഫീർ രാജകുമാരി,ഷാക്കിർ ഫിസ,അർഷാദ് കോക്‌ടെയ്ൽ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.