jio

വിസ്റ്റ ഇക്വിറ്റി പാർട്‌ണേഴ്‌സ് ജിയോയിൽ നിക്ഷേപം നടത്താൻ ഒരുങ്ങുന്നു. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഇക്വിറ്റി കമ്പനിയാണ് വിസ്റ്റ ഇക്വിറ്റി പാർട്‌ണേഴ്‌സ്. 11,367 കോടി രൂപയാണ് കമ്പനി ജിയോയിൽ നിക്ഷേപിക്കാൻ ഒരുങ്ങുന്നത്. 2.3 ശതമാനം ഉടമസ്ഥാവകാശം ജിയോ പ്ലാറ്റ്‌ഫോമിൽ വിസ്റ്റയ്ക്ക് ഉണ്ടാകും.

ആദ്യമായാണ് ഇന്ത്യയിൽ വിസ്റ്റ നിക്ഷേപം നടത്തുന്നത്. സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട കമ്പനികളിൽ ആണ് സാധാരണയായി വിസ്റ്റ നിക്ഷേപം നടത്താറുള്ളത്. പത്ത് വർഷത്തെ കണക്കെടുക്കുകയാണെങ്കിൽ തന്നെ ഇതിൽ നിന്നെല്ലാം വിസ്റ്റ വൻലാഭം കൊയ്തിട്ടുമുണ്ട്. വിസ്റ്റയുടെ കൂടി നിക്ഷേപം എത്തുന്നതോടെ ജിയോ പ്ലാറ്റ്ഫോമിന്റെ ഓഹരി മൂല്യം 4.91 ലക്ഷം കോടിയാകും. മൂന്നാഴ്ചക്കകം തന്നെ ജിയോ പ്ലാറ്റ്ഫോം നിക്ഷേപക സ്ഥാപനങ്ങളിൽ നിന്നായി സമാഹരിച്ചത് 60,596.37 കോടി രൂപയാണ്. നേരത്തെ കരാറിലായ ഫേസ്ബുക്കിനും സിൽവർ ലെയ്ക്കും പുറകെയാണ് വിസ്റ്റയുടെ ജിയോയിലേക്കുള്ള ചുവടുവയ്പ്. ഫേസ്ബുക്ക് നിക്ഷേപം നടത്തിയപ്പോൾ തന്നെ ഓഹരി വിപണിയിൽ ജിയോയുടെ മൂല്യം ഉയർന്നിരുന്നു.