thomas-issac

തിരുവനന്തപുരം: മോദി സർക്കാരിന്റെ 20 ലക്ഷം കോടിയുടെ പാക്കേജിൽ 6 ലക്ഷം കോടിയുടെ പദ്ധതികൾ മാത്രം പ്രഖ്യാപിച്ചപ്പോൾ, കേരളത്തിന്റെ ധനമന്ത്രി തോമസ് ഐസക് അടക്കമുള്ളവർ ഇതൊന്നും ആർക്കും പ്രയോജനമില്ലാത്തതാണെന്ന് വിമർശിക്കുന്നത് അന്ധൻ ആനയെ കണ്ടതുപോലെയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജോ‌ർജ് കുര്യൻ വാ‌‌ർത്താസമ്മേളനത്തിൽ പറഞ്ഞു.

കൊവിഡ് പ്രതിസന്ധി മറികടക്കാൻ കേരളം ചെറുകിട, ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പക്ഷം, കേന്ദ്ര പാക്കേജിന്റെ കൂടുതൽ ഗുണഫലങ്ങൾ അനുഭവിക്കാനാവും. രാജ്യത്തിന്റെ ജി.ഡി.പിയുടെ 29 ശതമാനം സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങൾക്കായി വിനിയോഗിക്കപ്പെടുമ്പോൾ കേരളം 5 ശതമാനം മാത്രമാണ് വിനിയോഗിക്കുന്നത്. പുതിയ തൊഴിൽ സംരംഭങ്ങൾക്ക് അവസരമൊരുക്കേണ്ടത് സംസ്ഥാന സർക്കാരാണ്. തൊഴിൽ സംസ്‌കാരവും സർക്കാരിന്റെ സമീപനവും മാറണം. കേരളത്തിലെ 29 ലക്ഷം കർഷകരുടെ അക്കൗണ്ടുകളിലേക്കാണ് കേന്ദ്രസർക്കാർ 4000 രൂപ വീതം നിക്ഷേപിച്ചത്. 21 ലക്ഷം ജൻധൻ അക്കൗണ്ടുകൾ വഴിയും പണം നേരിട്ട് നൽകി. 52000 പേർക്ക് ഉജ്ജ്വൽ യോജന വഴി ഗ്യാസ് സിലിണ്ടർ വീടുകളിലെത്തിച്ചെന്നും ജോ‌ർജ് കുര്യൻ പറഞ്ഞു.