തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ച രണ്ടാം ദിവസത്തെ പാക്കേജിലും കേരളത്തിന് പ്രയോജനപ്പെടുന്ന നിരവധി വാഗ്ദാനങ്ങൾ. ലക്ഷക്കണക്കിന് അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സംസ്ഥാനത്തിന് അവർക്കുള്ള വാടക വീട് പദ്ധതി ഗുണം ചെയ്യും.പി. പി. പി അടിസ്ഥാനത്തിലാണ് ഇവർക്കുള്ള ഭവന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത്. കൃഷിയിലേർപ്പെടുന്നവർ കുറവാണെങ്കിലും പദ്ധതികളുടെ ചെറിയ പങ്ക് കേരളത്തിനും ലഭിക്കും. രണ്ടരക്കോടി കർഷകർക്ക് കൂടിയാണ് കിസാൻ ക്രെഡിറ്ര് കാർഡ് നൽകുന്നത്.
മത്സ്യത്തൊഴിലാളികൾക്കും മൃഗപരിപാലനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കും ക്രെഡിറ്ര് കാർഡ് കിട്ടുന്നതോടെ ചെറിയ പലിശയ്ക്ക് ഇവർക്ക് വായ്പ ലഭിക്കും. കേരളത്തിൽ കാർഷിക മേഖലയേക്കാളേറെ ജി.ഡി.പിയിലേക്ക് സംഭാവന ചെയ്യുന്നത് മൃഗസംരക്ഷണ മേഖലയാണ്. ഉൾനാടൻ മത്സ്യബന്ധനമുൾപ്പെടെ പത്ത്ലക്ഷത്തിലധികം പേരാണ് കേരളത്തിൽ മത്സ്യബന്ധനത്തിലേർപ്പെട്ടിരിക്കുന്നത്.
വനസംരക്ഷണ പ്രവർത്തനത്തിന് 6000 കോടി അനുവദിച്ചപ്പോൾ അതിന്റെ ചെറിയ അംശമെങ്കിലും കേരളത്തിന് കിട്ടും. വഴിയോര കച്ചവടക്കാർക്കുള്ള വായ്പയും പലിശ കുറയ്ക്കുന്നതും ഗുണം ചെയ്യും.അന്യസംസ്ഥാന ത്തൊഴിലാളികൾക്ക് രണ്ടുമാസത്തേക്ക് അരിയോ ഗോതമ്പോ നൽകും. ഈ ചെലവു മുഴുവൻ കേന്ദ്രം വഹിക്കുന്നതിനാൽ കേരളത്തിന് നേട്ടമാണ്. ഇടത്തരക്കാർക്കുള്ള ഭവന സബ്സിഡി, ഭവന നിർമ്മാണ മേഖലയിലേക്കുള്ള 70,000 കോടി , മൂന്നു കോടി കർഷകർക്കായി 30,000 കോടി രൂപയുടെ അധിക വായ്പ എന്നിവയിലും കേരളത്തിന് ഒരു പങ്കുണ്ടാവും.
പണം കൈമാറണം
അന്യസംസ്ഥാന ത്തൊഴിലാളികൾക്കായി കേന്ദ്രം പ്രഖ്യാപിച്ച പദ്ധതികളെല്ലാം നല്ലതാണെങ്കിലും അവർക്ക് നേരിട്ട് പണം കൈമാറുകയാണ് ഇപ്പോൾ ചെയ്യേണ്ടതെന്ന് ഈ മേഖലയിലെ വിദഗ്ദ്ധനും സി.ഡി.എസിലെ പ്രൊഫസറുമായ ഡോ.എസ്. ഇരുദയരാജൻ പറഞ്ഞു. അടുത്ത ഘട്ടത്തിൽ കേന്ദ്രം അത് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.