
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരുകൾക്ക് ഇതുവരെ കേന്ദ്രസർക്കാർ ധനസഹായമൊന്നും പ്രഖ്യാപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഈ സമീപനം തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. കേന്ദ്ര ധനമന്ത്രി, സംസ്ഥാന ധനമന്ത്രിമാരുമായി ആശയവിനിമയം നടത്തി ആരോഗ്യ, സാമൂഹ്യ സുരക്ഷാപ്രവർത്തനങ്ങളിൽ വ്യാപൃതമാകുന്ന സംസ്ഥാനങ്ങളെ സഹായിക്കുന്നതിന് പദ്ധതി തയ്യാറാക്കണം. വരുമാനമില്ലാത്തതും ചെലവ് ഇരട്ടിച്ചതുമായ ഘട്ടത്തിൽ ഇതത്യാവശ്യമാണ്. കഴിഞ്ഞ മാർച്ച് 19നെ ഏപ്രിൽ 19മായി താരതമ്യം ചെയ്താൽ സംസ്ഥാനത്തിന്റെ സ്വന്തം റവന്യൂ വരുമാനത്തിലുണ്ടായ നഷ്ടം 6451കോടിയാണ്.
ലോക്ക് ഡൗൺ കാരണം വൻനഷ്ടം സംഭവിച്ച ചെറുകിട വ്യവസായ സംരംഭകരുടെ വായ്പകൾക്ക് ഒരു വർഷത്തേക്ക് പലിശരഹിത മോറട്ടോറിയം വേണമെന്ന ആവശ്യവും കേന്ദ്രസർക്കാർ പരിഗണിച്ചിട്ടില്ല. സംരംഭകർക്ക് പുതുതായി വായ്പ അനുവദിക്കണമെന്ന ആവശ്യം അംഗീകരിച്ചിട്ടുണ്ടെങ്കിലും അതിന് ബാങ്കുകൾ കനിയേണ്ടതുണ്ട്. മോറട്ടോറിയം കാലത്ത് പലിശ ഒഴിവാക്കാൻ, കേന്ദ്ര സർക്കാർ പണം ചെലവിടേണ്ടിവരും. ഇപ്പോൾ പ്രഖ്യാപിച്ച പാക്കേജിലാകട്ടെ, കേന്ദ്ര ബഡ്ജറ്റിൽ നിന്ന് ചെലവാകുന്നത് നാമമാത്രമായ തുകയാണ്.
ബാങ്കുകൾ വായ്പ കൊടുക്കാൻ വിസമ്മതിക്കുന്ന സ്ഥിതി ഈ ദുരിതകാലത്തുമുണ്ട്. ബാങ്കുകൾ ആർ.ബി.ഐയിൽ പണമടച്ച് പലിശ നേടാൻ ശ്രമിക്കുന്നുവെന്നാണ് പറയുന്നത്. എട്ടരലക്ഷം കോടിയാണ് ഇത്തരത്തിൽ നിക്ഷേപിച്ചിരിക്കുന്നത്. ബാങ്കുകളെയും വ്യവസായ പ്രതിനിധികളെയും ഒരുമിച്ചിരുത്തി സാമ്പത്തികമേഖലയ്ക്കാകെ പ്രയോജനപ്പെടുന്ന ഇടപെടലുകൾക്ക് ശ്രമിക്കും.
വൈദ്യുതി ഫിക്സഡ് ചാർജ് ഈടാക്കുന്നത് മാറ്റിവച്ചിട്ടുണ്ട്. എന്നാൽ ഈ തുക എഴുതിത്തള്ളുന്നതിന് കേന്ദ്ര സഹായം വേണം. ചെറുകിട മേഖലയിലെ തൊഴിലാളികൾക്കും ധനസഹായം വേണം. പി.എഫ് അടയ്ക്കുന്നതിനുള്ള കേന്ദ്രസഹായത്തിന് 15000ൽ താഴെ ശമ്പളമായിരിക്കണമെന്ന നിബന്ധന ഒഴിവാക്കണം. വൈദ്യുതി കമ്പനികൾക്ക് അനുവദിച്ച 90,000കോടിയുടെ സഹായ ഗാരന്റി സംസ്ഥാനങ്ങൾ വഹിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.