k-surendran

തിരുവനന്തപുരം: വഴിയോര കച്ചവടക്കാരും കുടിയേറ്റത്തൊഴിലാളികളും ആദിവാസികളും കർഷകരുമടക്കം സാധാരണക്കാരുടെ പ്രതിസന്ധികൾക്ക് പരിഹാരം കാണുന്ന പദ്ധതികളാണ് കേന്ദ്രധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രസ്താവനയിൽ പറ‌‌ഞ്ഞു. തൊഴിൽ, ഭവന നിർമ്മാണ, കാർഷിക മേഖലയുടെ സമഗ്ര ഉത്തേജനത്തിന് കരുത്തേകുന്നതാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടിപാക്കേജിലെ രണ്ടാം ഘട്ട പ്രഖ്യാപനങ്ങൾ. ചെറുകിട നാമമാത്ര കർഷകർക്ക് വായ്പ നൽകാൻ മുപ്പതിനായിരം കോടിയാണ് നീക്കിവച്ചിരിക്കുന്നത്. രണ്ടര ലക്ഷം കർഷകരെ കൂടി കിസാൻ ക്രഡിറ്റ് കാർഡിന്റെ പരിധിയിൽ കൊണ്ടുവരുന്നതിലൂടെ കുറഞ്ഞ പലിശ നിരക്കിൽ അവർക്കെല്ലാം വായ്പ ലഭ്യമാകാനുള്ള വഴിതെളിയുന്നു. 70,000 കോടിയുടെ പുതിയ നിക്ഷേപമാണ് ഭവനനിർമ്മാണ മേഖലയ്ക്ക് നീക്കിവച്ചിരിക്കുന്നത്. ഭവനനിർമ്മാണ സബ്സിഡിയുടെ കാലാവധി ഒരു വർഷം നീട്ടിയിട്ടുമുണ്ട്. രാജ്യത്തെ എല്ലാ തൊഴിൽ മേഖലയിലും മിനിമം വേതനം ഉറപ്പു വരുത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. നരേന്ദ്രമോദി സർക്കാരിന്റെ ജനങ്ങളോടുള്ള പ്രതിബദ്ധതയാണിതിലൂടെ വ്യക്തമാകുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു.