തിരുവനന്തപുരം: വാളയാറിൽ പോയ ജനപ്രതിനിധികളെ ഉൾപ്പെടെ ക്വാറന്റൈനിലേക്ക് അയയ്ക്കേണ്ടി വന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നുവെന്നും രാഷ്ട്രീയനാടകം കളിക്കേണ്ട ഘട്ടമല്ലിതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഓർമ്മപ്പെടുത്തി. വാളയാർ ചെക്‌പോസ്റ്റിലെത്തിയ മലയാളികളെ കടത്തിവിടണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എം.പിമാരും എം.എൽ.എമാരും സംഘടിച്ചെത്തിയതിനെതിരെ രൂക്ഷമായാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
ഉത്തരവാദിത്വത്തോടെ പെരുമാറേണ്ടവർ അങ്ങനെ തന്നെ പെരുമാറണം. കൃത്യമായ പരിശോധനകളും രേഖകളുമില്ലാതെ ആളുകളെത്തുന്നത് പ്രതിരോധസംവിധാനത്തെ തകർക്കും. ഒരാൾ അങ്ങനെ കടന്നുവന്നാൽ സമൂഹം മുഴുവൻ പ്രതിസന്ധിയിലാകും. അനധികൃതമായി കടക്കാൻ ശ്രമിക്കുന്നവർക്കെതിരെയും അതിന് സഹായം നൽകുന്നവർക്കെതിരെയും നടപടിയുണ്ടാകും.
ഛർദ്ദിയും ശാരീരികാസ്വസ്ഥതയുമുണ്ടായ ചെന്നൈയിൽ നിന്നെത്തിയയാളെ പരിശോധിച്ച് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു വാളയാറിൽ. ഡ്യൂട്ടിയുടെ ഭാഗമായി അയാളുമായി സമ്പർക്കം പുലർത്തിയ നഴ്സുമാരെ ആശുപത്രി ക്വാറന്റൈനിലും പൊലീസുകാരെ ഹോം ക്വാറന്റൈനിലുമാക്കി.
ആ സമയം വാളയാർ ചെക്പോസ്റ്റിൽ ആളുകളെ കടത്തിവിടുന്നതുമായി ബന്ധപ്പെട്ട് പ്രശ്നമുണ്ടായിരുന്നു. രോഗലക്ഷണം കാട്ടിയയാളും എട്ട് സഹയാത്രികരും ഹൈറിസ്ക് പ്രൈമറി കോൺടാക്റ്റിലാണ്. അവിടെയുണ്ടായിരുന്ന 130ഓളം യാത്രക്കാർ, മാദ്ധ്യമപ്രവർത്തകർ, പൊലീസ്, ജനപ്രതിനിധികൾ, മറ്റ് നാട്ടുകാർ എന്നിവരെ ലോറിസ്ക് കോൺടാക്ടിൽ പെടുത്തി 14 ദിവസത്തെ ക്വാറന്റൈനിലയയ്ക്കാനും ഇവരിൽ രോഗലക്ഷണമുള്ളവരുടെ സ്രവം പരിശോധിക്കാനുമാണ് മെഡിക്കൽബോർഡിന്റെ ശുപാർശ.
ഏത് സ്ഥാനം വഹിക്കുന്നവരായാലും സാധാരണ മനുഷ്യരാണ്. ഉന്നതസ്ഥാനത്തിരിക്കുന്നയാളാണ്, അതുകൊണ്ട് അദ്ദേഹത്തെ ബാധിക്കേണ്ട എന്ന് വൈറസ് തീരുമാനിക്കില്ല. ഇവിടെ രോഗിയുടെ അടുത്തേക്കെത്തിയ പ്രത്യേകസ്ഥാനത്തിരിക്കുന്നയാൾ സാമൂഹ്യജീവിയാണ്. പലരുമായി ബന്ധപ്പെടുന്നയാളായതിനാൽ ഒട്ടേറെ പ്രശ്നമുണ്ടാകും. നേന്ത്രക്കൊലയൊക്കെ പിടിച്ച് അടുത്തേക്ക് പോകുമ്പോഴുണ്ടാകുന്ന ആപത്ത് തിരിച്ചറിയണം. നടപടിയെടുക്കത്തക്ക കാര്യമാണ് ചെയ്തതെങ്കിലും അതിലേക്കിപ്പോൾ പോകുന്നില്ല.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ മന്ത്രി എ.സി. മൊയ്തീൻ ആരുമായും അടുത്തിടപഴകാത്തതിനാലാണ് ക്വാറന്റൈനിൽ പോകാത്തത്. അകലെനിന്ന് കൈവീശിക്കാണിച്ചാൽ കൊവിഡ് വൈറസ് പിടികൂടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.