lightning-1

പാറശാല: ഇടിമിന്നലിൽ നാലു വീടുകൾക്ക് നാശനഷ്ടം. പൊന്നംകുളം വാർഡിലെ പരശുവയ്ക്കൽ ഗ്രാമസേവക ഓഫീസിന് സമീപത്തെ സതീഷ്, വത്സല, അംബി, ജയൻ എന്നിവരുടെ വീടുകൾക്കാണ് നാശനഷ്ടം സംഭവിച്ചത്. കൃഷ്ണവിലാസത്തിൽ സതീഷിന്റെ വീട്ടിലെ വൈദ്യുതി ലൈനുകൾ തകർന്നു. ഇടിമിന്നലിനെ തുടർന്ന് സ്ഫോടക ശബ്ദത്തോടെ ഒരു തീഗോളം വത്സലയുടെ വീടിനു മുന്നിൽ പതിച്ചതായി സമീപവാസികൾ പറയുന്നു. ഇടിയുടെ ആഘാതത്തിൽ സതീഷിന്റെ വീടിന്റെ ചുരുകളും ഗ്രാനൈറ്റ് പാളികളും തകരുകയും സമീപത്തെ പറമ്പിലെ വൻമരങ്ങൾ വിണ്ടുകീറുകയും ചെയ്തു.