തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ വീട്ടിലിരുന്ന് ജോലിചെയ്യാൻ അവസരം നൽകിയിട്ടും അനുസരിക്കാത്ത സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ശമ്പളം കട്ട് ചെയ്യാനുള്ള തീരുമാനം സംഘടനകളുടെ എതിർപ്പുകാരണം മരവിപ്പിച്ചേക്കും. പൊതുഭരണ സെക്രട്ടറിയുടെ ഫയലിൽ ഇപ്പോൾ നടപടി വേണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ചതായാണ് സൂചന.
ലോക്ക് ഡൗൺ ആയതിനാൽ ഓഫീസർമാർ 50 ശതമാനവും മറ്ര് ജീവനക്കാർ 33 ശതമാനവും ഓഫീസിലെത്തിയാൽ മതിയെന്നാണ് നിലവിലെ ഉത്തരവ്. ബാക്കിയുള്ളവർ വീട്ടിലിരുന്ന് ഇ-ഓഫീസ് വഴി ജോലി ചെയ്യണം. എന്നാൽ, പലരും ഇ- ഓഫീസിൽ ലോഗിൻ ചെയ്തില്ല. ഈ ദിവസങ്ങളിലെ ശമ്പളം പിടിക്കാനാണ് പൊതുഭരണ സെക്രട്ടറി ധനകാര്യ സെക്രട്ടറിക്ക് കുറിപ്പ് നൽകിയത്.
പല ജീവനക്കാർക്കും കമ്പ്യൂട്ടറും ഇന്റർനെറ്ര് സൗകര്യവുമില്ലെന്ന് സംഘടനകൾ പറയുന്നു. ഡ്രൈവർമാർ, ലാസ്റ്ര് ഗ്രേഡ് ജീവനക്കാർ എന്നിവർക്കും ഇതിന് സാധിക്കില്ല. ഡൽഹിയിലെ സെൻട്രൽ സെക്രട്ടേറിയറ്രിൽ ലാപ് ടോപ്പ് റോട്ടേഷൻ വ്യവസ്ഥയിൽ ഉപയോഗിക്കാനും ഡേറ്രാ ചെലവ് തിരിച്ചു നൽകാനും വ്യവസ്ഥ ചെയ്തിരുന്നു. ഇവിടെ അതൊന്നും ചെയ്തിരുന്നില്ല.