തിരുവനന്തപുരം: മദ്യം വാങ്ങാനുള്ള തിരക്ക് കുറയ്ക്കുന്നതിന് സ്‌മാർട്ട് ഫോൺ ആപ്പ് തയ്യാറാക്കുന്നതിനായി എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്‌റ്റാർട്ടപ്പ് കമ്പനിയെ ചുമതലപ്പെടുത്തി. അന്തിമ പട്ടികയിൽ ഉൾപ്പെട്ടിരുന്ന അഞ്ച് കമ്പനികളിൽ നിന്നാണ് ഈ കമ്പനിയെ ഐ.ടി സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സാങ്കേതിക സമിതി തിരഞ്ഞെടുത്തത്. കമ്പനി പ്രതിനിധികൾ ആപ്പിന്റെ ഡെമോ യോഗത്തിൽ അവതരിപ്പിച്ചു. ബെവ്കോയും കേരള സ്‌റ്റാർട്ടപ്പ് മിഷനും നിർദ്ദേശിച്ച മാറ്റങ്ങൾ കൂടി ഉൾപ്പെടുത്തിയ ആപ്പ് ഇന്നോ നാളെയോ ബെവ്‌കോയ്ക്ക് കൈമാറും. അതിനുശേഷം ആപ്പ് പരീക്ഷിക്കും. പ്ളേ സ്‌റ്റോറിലും ഐ.ഒ.എസിലും ആപ്പ് ലഭ്യമാക്കുന്നതിനുള്ള നടപടികളും തുടങ്ങി.
ആപ്പ് വരുന്നതോടെ മദ്യം വാങ്ങുന്നതിന് വെർച്വൽ ക്യൂ ഏർപ്പെടുത്തും. അതിനായി ഒരു മണിക്കൂർ മുമ്പെങ്കിലും അപേക്ഷിച്ചിരിക്കണം. മുൻകൂട്ടി ടോക്കൺ എടുത്ത് അതിൽ പറയുന്ന സമയത്ത് മദ്യം വാങ്ങുന്ന തരത്തിലായിരിക്കും സംവിധാനം. എല്ലാ ഔട്ട്‌ലെറ്റുകളുടെയും മദ്യത്തിന്റെയും വിവരങ്ങൾ ആപ്പിൽ ഉൾപ്പെടുത്തും. വില്പനകേന്ദ്രം ഉപഭോക്താവിന് തിരഞ്ഞെടുക്കാം. ഒരിക്കൽ വാങ്ങിയ ആളിന് പിന്നീട് അഞ്ചു ദിവസംകഴിഞ്ഞേ മദ്യം ലഭിക്കൂ. അനുമതി മറ്റൊരാൾക്ക് കൈമാറാൻ കഴിയില്ല. സ്‌മാർട്ട് ഫോൺ ഇല്ലാത്തവർക്ക് എസ്.എം.എസ് വഴി മദ്യം ലഭ്യമാകും.