trivandum

തിരുവനന്തപുരം: ന്യൂഡൽഹിയിൽ നിന്ന് ഇന്ന് പുലർച്ചെ തിരുവനന്തപുരത്തെത്തിയ രാജധാനി എക്സ് പ്രസിലെ ഏഴ് യാത്രക്കാരെ കൊവിഡ് ലക്ഷണങ്ങളെ തുടർ‌ന്ന് ആശുപത്രികളിലാക്കി. ആറുപേരെ കോഴിക്കോട് മെഡിക്കൽ കോളേജിലും തിരുവനന്തപുരത്തെത്തിയ പത്തനംതിട്ട സ്വദേശിയായ ഒരാളെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്കും മാറ്റി. ഇവർ സഞ്ചരിച്ച കോച്ചുകളിലുണ്ടായിരുന്ന മറ്റ് യാത്രക്കാരോട് ക്വാറന്റൈൻ വ്യവസ്ഥകൾ കർശനമായി പാലിക്കാനും അതീവ ജാഗ്രത പുലർത്താനും ആരോഗ്യ വകുപ്പ് നിർദേശം നൽകി.

കോഴിക്കോട് ഇന്നലെ രാത്രി ട്രെയിൻ എത്തിച്ചേർന്നപ്പോൾ പ്ളാറ്റ് ഫോമിൽ നടത്തിയ പരിശോധനയിലാണ് ആറുപേ‌ർക്ക് പനിയും മറ്റ് ലക്ഷണങ്ങളും കണ്ടെത്തിയത്. ട്രെയിൻ കേരള അതി‌ർത്തിയിൽ പ്രവേശിക്കും മുമ്പ് തന്നെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ യാത്രക്കാരുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നതിനാൽ ഇവർക്ക് കൊവിഡ് ലക്ഷണങ്ങൾക്ക് സമാനമായ പനിയും മറ്റുമുള്ളതായി മുൻകൂട്ടി അറിയാൻ കഴിഞ്ഞിരുന്നു. അതിനാൽ ഇവർ ട്രെയിനിൽ നിന്ന് പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ മറ്റ് യാത്രക്കാരുമായോ ജീവനക്കാരുമായി കൂടുതൽ ഇടപഴകുന്നതും മറ്റും വിലക്കാനും ആവശ്യമായ കരുതൽ നിർദേശങ്ങൾ നൽകാനും സാധിച്ചിരുന്നു. ഇവർ ഉപയോഗിച്ച ടോയ്ലറ്റിലും മറ്റും മറ്റ് യാത്രക്കാർ കടക്കാതിരിക്കാനുള്ള നടപടികളും യാത്രയിൽ തന്നെ കൈക്കൊണ്ടു.

കോഴിക്കോട് 216 യാത്രക്കാരും എറണാകുളത്ത് 269 യാത്രക്കാരുമാണ് ഇറങ്ങിയത്. പുലർച്ചെ തിരുവനന്തപുരത്തെത്തിയ ട്രെയിനിൽ 400 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇവരെ സാമൂഹ്യ അകലം പാലിച്ച് പത്ത് കൗണ്ടറുകളിലായാണ് ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കിയത്. രോഗ ലക്ഷണമുണ്ടെന്ന് സംശയിക്കുന്ന പത്തനംതിട്ട സ്വദേശിയെ റെയിൽവേ സ്റ്റേഷനിൽ നിന്ന് പ്രത്യേകം സജ്ജമാക്കിയ വഴിയിലൂടെ ആംബുലൻസ്മാർഗം തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

തിരുവനന്തപുരത്തും കോഴിക്കോടും മറ്റുള്ള യാത്രക്കാരെ നാല് കെ.എസ്.ആർ.ടി.സി ബസുകളിലും ടാക്സി കാറുകളിലുമായി അവരവരുടെ സ്ഥലങ്ങളിലേക്ക് മടങ്ങിപോകാൻ അനുവദിച്ചു. കേരളത്തിനുള്ളിൽ അന്തർജില്ലാ യാത്രയ്ക്ക് വിലക്കുണ്ടായിരുന്ന ട്രെയിനിൽ എറണാകുളത്ത് 269 പേരും കോഴിക്കോട് 216 പേരുമാണ് ഇറങ്ങിയത്. തീവ്രരോഗബാധിത മേഖലയിൽ നിന്നുൾപ്പെടെ എത്തിയവരുടെ

ക്വാറന്റൈൻ നടപടികൾ ആരോഗ്യ വകുപ്പും പൊലീസും തദ്ദേശ സ്ഥാപനങ്ങളും വിലയിരുത്തും.

ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആരുടെയും ആരോഗ്യനില ഗുരുതരമല്ല. സ്രവപരിശോധയുൾപ്പെടെ രോഗം സ്ഥിരീകരിക്കാനുള്ള നടപടികൾ ആരംഭിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.തിരുവനന്തപുരത്തെത്തിയ ട്രെയിൻ അണുവിമുക്തമാക്കിയശേഷം ഇന്ന് വൈകുന്നേരം ഡൽഹിക്ക് യാത്ര തിരിക്കും. യാത്രയ്ക്ക് ബുക്ക് ചെയ്തിരിക്കുന്നവർ നാല് മണിക്കൂറിന് മുമ്പ് റെയിൽവേ സ്റ്റേഷനിലെത്തണമെന്ന് റെയിൽവേ അറിയിച്ചു. ട്രെയിനിൽ കൊച്ചിയിലേക്കോ കോഴിക്കോട്ടേക്കോ യാത്രക്കാർക്ക് യാത്ര അനുവദിക്കില്ലെന്ന് റെയിൽവേ വെളിപ്പെടുത്തി.