sc

ന്യൂഡൽഹി: ഔദ്യോഗിക വസതിയിലെ പാചകക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സുപ്രീംകോടതിയിലെ ഒരു ജഡ്ജി സ്വമേധയാ നിരീക്ഷണത്തിൽ പോയി. ജഡ്ജിയോടൊപ്പം അദ്ദേഹത്തിൻ്റെ കുടുംബവും ഓഫീസ് ജീവനക്കാരും സ്വയം നിരീക്ഷണത്തിലേക്ക് മാറിയെന്നാണ് വിവരം. പത്ത് ദിവസത്തേക്കാണ് ജഡ്ജിയും മറ്റുള്ളവരും നിരീക്ഷണത്തിൽ പോയിരിക്കുന്നത്.

അതേസമയം സ്വകാര്യത മാനിച്ച് ജഡ്ജിയുടെ പേരും വിവരങ്ങളും പരസ്യമാക്കിയിട്ടില്ല. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സുപ്രീംകോടതി ജഡ്ജിയുടെ ഔദ്യോഗിക വസതിയിൽ ജോലി ചെയ്യുന്ന പാചകക്കാരന് കൊവിഡ് സ്ഥിരീകരിച്ചുവെന്ന വിവരം പുറത്തു വരുന്നത്.

മെയ് 7 മുതൽ ഈ പാചകക്കാരൻ അവധിയിൽ ആയിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കൊവിഡ് രോഗിയായ ഭാര്യയിൽ നിന്നാണ് ഇയാൾക്ക് രോഗബാധയുണ്ടായത് എന്നാണ് സംശയിക്കുന്നത്. പനിയും ശരീര വേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ കൊവിഡ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.