ഇടുക്കി: ഇടുക്കിയിൽ കൊവിഡ് സ്ഥിരീകരിച്ച കരുണാപുരം സ്വദേശി ആയിരത്തിലധികം പേരുമായി സമ്പര്‍ക്കത്തിലേർപ്പെട്ടുവെന്ന് പ്രാഥമിക വിവരം. കൊവിഡ് സ്ഥിരീകരിച്ച കരുണാപുരം സ്വദേശിയായ മുപ്പത്തിയൊമ്പതുകാരൻ പുറ്റടിയിൽ ബേക്കറി നടത്തുകയാണ്. ഇന്നലെയും ഇയാൾ കടതുറന്നിരുന്നു. മൂന്ന് ദിവസം മുമ്പ് റാൻഡം പരിശോധനയുടെ ഭാഗമായാണ് ഇയാളിൽ നിന്ന് സ്രവം ശേഖരിച്ചത്. പരിശോധനാഫലം വന്നത് ഇന്നലെ ഉച്ചയോടെയാണ്.
കൊവിഡ് സ്ഥിരീകരിച്ചതോടെ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. കരുണാപുരം പഞ്ചായത്തിൽ നേരത്തെ ഒരു കൊവിഡ് കേസ് ഉണ്ടായിരുന്നുവെങ്കിലും ആ രോഗിയുമായി യുവാവിന് സമ്പർക്കം ഉണ്ടായിട്ടില്ല.കമ്പംമേട്ട് വഴി തമിഴ്നാട്ടിൽ നിന്ന് വന്ന ചരക്ക് ലോറി ഡ്രൈവർമാർക്ക് ഇയാൾ ബേക്കറിയിൽ നിന്ന് സാധനങ്ങൾ നൽകിയിരുന്നു. ഇവരിൽ നിന്നാകാം രോഗം ബാധിച്ചതെന്നാണ് സംശയം.
യുവാവുമായി സമ്പർക്കത്തിലേർപ്പെട്ടവരെയെല്ലാം കണ്ടെത്തി നിരീക്ഷണത്തിൽ വയ്ക്കുക എന്നത് ആരോഗ്യപ്രവർത്തകർക്ക് വലിയ വെല്ലുവിളിയാണ്. ചെക്ക് പോസ്റ്റുകളിലെ പരിശോധന സംവിധാനങ്ങൾ ശക്തിപ്പെടുത്തേണ്ടതിലെ ആവശ്യകതയും ഈ സംഭവം ചൂണ്ടിക്കാണിക്കുന്നു.