എറണാകുളം: കേരളത്തിൽ നിന്ന് ലോറിയിൽ യു.പിയിലേക്ക് കടക്കാൻ ശ്രമിച്ച 72 ഇതരസംസ്ഥാന തൊഴിലാളികളെ കൊച്ചിയിൽ തിരിച്ചെത്തിച്ച് നിരീക്ഷണത്തിലാക്കി. ബുധനാഴ്ചയാണ് സംഘം കൊച്ചിയിൽ നിന്ന് യു.പിയിലേക്ക് യാത്ര തിരിച്ചത്. കൊച്ചിയിൽ നിന്ന് മലപ്പുറം വഴിക്കടവ് ചെക്പോസ്റ്റ് നാടുകാണി വഴി യു.പിയിലേക്ക് കൊണ്ടുപോവുമ്പോഴാണ് ഇതരസംസ്ഥാനത്തൊഴിലാളികൾ സഞ്ചരിച്ച ലോറി അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്.
തമിഴ്‌നാട്ടിലെ ഗൂഢല്ലൂരിനടുത്ത കാക്കനഹള്ളി ചെക്ക് പോസ്റ്റിൽ തമിഴ്നാട് പൊലീസാണ് ലോറി തടഞ്ഞത്. എഴുപത്തി രണ്ടുപേരെയും ലോറിയിൽ കുത്തിനിറച്ച നിലയിലായിരുന്നു. ലോറിയിൽ നിന്നിറക്കി തമിഴ്നാട് സർക്കാരിൻ്റെ രണ്ട് ബസുകളിൽ പൊലീസ് അകമ്പടിയോടെ തൊഴിലാളികളെ കൊച്ചിയിലേക്ക് തിരികെ എത്തിക്കുകയായിരുന്നു. ഇവരെ കടത്താൻ ശ്രമിച്ച ഡ്രൈവർ ഹരിയാനക്കാരൻ അസ് ലത്തിനെ തമിഴ്നാട് പൊലീസ് അറസ്റ്റുചെയ്തു.
കലക്ട്രേറ്റിൽ എത്തിച്ച തൊഴിലാളികളിൽ നിന്ന് അധികൃതർ വിവരങ്ങൾ ശേഖരിച്ചു. ഹരിയാനയിൽ നിന്ന് എത്തിക്കുന്ന തുണി ആലുവയിലും സമീപപ്രദേശങ്ങളിലും കച്ചവടം ചെയ്തു ജീവിക്കുന്നവരാണിവരെന്ന് പൊലീസ് പറഞ്ഞു. കൊച്ചിയിൽ ചരക്കിറക്കി മടങ്ങിയ ലോറി കണ്ടെത്തി പണം നൽകിയാണ് ഇതരസംസ്ഥാനത്തൊഴിലാളി സംഘം യു.പിയിലേക്ക് കടക്കാൻ ശ്രമിച്ചത്.