പാറശാല: ശക്തമായ ഇടിമിന്നലിൽ പരശുവയ്ക്കലിൽ നാലു വീടുകൾക്ക് നാശനഷ്ടം. പരശുവയ്ക്കൽ സ്വദേശിയായ സതീഷ്, വത്സല, അംബി, ജയൻ എന്നിവരുടെ വീട്ടിലാണ് നാശനഷ്ടങ്ങൾ ഉണ്ടായത്. ഇന്നലെ ഉച്ചതിരിഞ്ഞായിരുന്നു സംഭവം. വൻ സ്ഫോടന ശബ്ദത്തോടെ തീഗോളമായി വത്സലയുടെ വീടിന് മുന്നിൽ പതിച്ച ഇടി 200 മീറ്റർ ചുറ്റളവിലുള്ള വീടുകളിലേക്ക് വ്യാപിക്കുകയായിരുന്നു.തുടർന്ന് ഇവരുടെ വീടുകളിലെ വൈദ്യുത ഉപകരണങ്ങൾ എല്ലാം കത്തി നശിച്ചു. ഭൂമിക്കടിയിൽ കൂടി തീ ഗോളമായി വന്ന ഇടിയുടെ ആഘാതത്തിൽ സതീശന്റ പറമ്പിലെ മരങ്ങൾ വിണ്ടുകീറി.വീടിന്റെ ചുമരുകൾ തകർന്നു. വീട്ടിനുള്ളിലെ ഗ്രാനൈറ്റ് പാളികളും ഭിത്തികളും മിന്നലേറ്റ് തകർന്നു. ആളപായമുണ്ടായില്ലെന്നൊഴിച്ചാൽ ഞെട്ടലോടെയാണ് പ്രദേശവാസികൾ സംഭവം വിവരിക്കുന്നത്. സംഭവം അറിഞ്ഞ് നിരവധി പേർ സ്ഥലത്തെത്തി.