തിരുവനന്തപുരം: രണ്ട് ദിവസം മുമ്പ് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട സ്പിരിറ്റ് കേസിലെ പ്രതികൾ വീണ്ടും വ്യാജമദ്യം കടത്താൻ ശ്രമിക്കുന്നതിനിടെ എക്സൈസിനെയും വെട്ടിച്ച് കടന്നു. കാട്ടിൽ നിന്ന് കടത്തികൊണ്ടുപോകാൻ ശ്രമിച്ച 220 ലിറ്റർ വ്യാജമദ്യവും കടത്താനുപയോഗിച്ച ജീപ്പും ദേവികുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും സംഘവും പിടികൂടി. മാട്ടുപ്പെട്ടി എസ്റ്റേറ്റിലെ വേൽമുടിയിൽ നിന്നാണ് വ്യാജ മദ്യവും ജീപ്പും കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച പുലർച്ചെ നടത്തിയ റെയ്ഡിനിടെ മദ്യം കടത്തുന്ന ജീപ്പ് തടയാൻ ശ്രമിച്ചെങ്കിലും നിറുത്താതെ പോവുകയും പിന്തുടർന്നപ്പോൾ ജീപ്പ് ഇടവഴിയിൽ കയറ്റി മദ്യം കാട്ടിൽ ഉപേക്ഷിച്ചശേഷം ജീപ്പുമായി രക്ഷപ്പെടുകയുമായിരുന്നു.പിന്നീട് ഇന്നലെ മദ്യം കടത്തികൊണ്ടു പോകാൻ ശ്രമിക്കുന്നതിനിടയിലാണ് വാഹനവും മദ്യവും പിടികൂടിയത് .
പുതുക്കടി സ്വദേശി കറുപ്പയ്യ ,എല്ലപ്പെട്ടി സ്വദേശി അജിത്ത് എന്നിവരും വാഹനം ഓടിച്ചിരുന്ന ആളും കാട്ടിൽ ചാടി രക്ഷപ്പെട്ടു. പ്രതികളെ പിന്തുടർന്നെങ്കിലും പിടികൂടാൻ സാധിച്ചില്ല .കറുപ്പയ്യയും ,അജിത്തും നിരവധി അബ്കാരി കേസിലെ പ്രതികളാണ് . തോട്ടം മേഖല കേന്ദ്രീകരിച്ച് വ്യാജമദ്യം വിൽപ്പന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവർ. ഏതാനും ദിവസം മുമ്പ് ദേവികുളം പൊലീസ് ഇവർക്കെതിരെ വ്യാജമദ്യവിൽപ്പനയ്ക്ക് കേസെടുത്തെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. 35 ലിറ്ററിന്റെ 4 കന്നാസുകളിലും ,5 ലിറ്ററിന്റെ 24 കന്നാസുകളിലുമായിട്ടാണ് മദ്യം കൊണ്ടുവന്നത്.
റേഞ്ച് ഇൻസ്പെക്ടർ ജി.വിജയകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ റെനി, ബാലസുബ്രമണ്യൻ, സാഗർ , സിവിൽ എക്സൈസ് ഓഫീസർമാരായ ബിജു മാത്യു, മനീഷ് മോൻ, ഷോബിൻ, ബിന്ദു മോൾ ഡ്രൈവർ ദിനേശ് എന്നിവർ പങ്കെടുത്തു.