ദമാം: കൊവിഡിന് മുമ്പ് അവധിക്ക് നാട്ടിൽ പോയ ഡോക്ടർമാരും നഴ്സുമാരും അടങ്ങിയ ഇരുന്നൂറോളം ആരോഗ്യപ്രവർത്തകർ സൗദിയിൽ തിരിച്ചെത്തി. ഇന്ത്യയിൽ നിന്നും പ്രത്യേക വിമാനത്തിൽ ഇവരെ തബൂക്ക് വിമാനത്താവളത്തിൽ എത്തിക്കുകയായിരുന്നു. ആരോഗ്യപ്രവർത്തകരെ ബൊക്കെ നൽകിയാണ് സൗദി അധികൃതർ സ്വീകരിച്ചത്. കൊവിഡ് പടർന്നു പിടിക്കുന്നതിനാൽ അവധിക്ക് പോയ ആരോഗ്യപ്രവർത്തകരെ മടക്കിക്കൊണ്ടുവരാൻ അനുവദിക്കണമെന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ് ഇന്ത്യാ ഗവൺമെന്റിനോട് അഭ്യർത്ഥിച്ചിരുന്നു. അതിൻെറ അടിസ്ഥാനത്തിൽ കേന്ദ്രം അനുമതി നൽകിയതോടെയാണ് ഇവരെ കൊണ്ടുവന്നത്.
സൗദിയിൽ ഇനി ചികിത്സ ഫലപ്രദമാകുമെന്നാണ് വിലയിരുത്തൽ.സ്വകാര്യ ആശുപത്രികളിലടക്കം ജോലി ചെയ്യുന്നവരാണ് ഈ ആരോഗ്യ പ്രവർത്തകർ. ഇവരെ പ്രത്യേക ബസുകളിൽ അതാത് ആശുപത്രികളിലെത്തിച്ചു. സൗദിയിലെ ആശുപത്രികളിൽ ചികിത്സിക്കാൻ മതിയായ ഡോക്ടർമാരും നഴ്സുമാരുമില്ലാത്ത അവസ്ഥയായിരുന്നു. രോഗികളുടെ എണ്ണമാകട്ടെ കൂടിക്കൊണ്ടിരിക്കുന്നു.കൊവിഡ് ചികിത്സയ്ക്കായി ഗൾഫിലെ പല രാജ്യങ്ങളിലും പുതിയ ആശുപത്രി കേന്ദ്രങ്ങൾ തുറന്നുകൊണ്ടിരിക്കുകയാണ്.