pravasi-

എറണാകുളം: രാജ്യത്ത് മടങ്ങിയെത്തുന്ന പ്രവാസികൾക്ക് 14 ദിവസം സർക്കാർ മേൽനോട്ടത്തിലുള്ള നിരീക്ഷണം നിർബന്ധമാണെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഏഴ് ദിവസം സർക്കാർ മേൽനോട്ടത്തിലുള്ള നിരീക്ഷണം മതിയെന്ന സംസ്ഥാന സർക്കാർ നിലപാട് കേന്ദ്രം തള്ളി. കേരളത്തിന് വേണ്ടി മാത്രം രാജ്യം മൊത്തത്തിൽ സ്വീകരിക്കുന്ന മാനദണ്ഡം മാറ്റാനാകില്ലെന്ന് കേന്ദ്രം കോടതിയിൽ പറഞ്ഞു

സംസ്ഥാനം മുന്നോട്ട് വെച്ച ആവശ്യം വിദഗ്ധ സമിതി പരിഗണിച്ചുവെങ്കിലും മാനദണ്ഡങ്ങളിൽ മാറ്റം വരുത്താനാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കുകയായിരുന്നു. കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി പ്രവാസികളെ സർക്കാർ കേന്ദ്രത്തിൽ ഏഴുദിവസം മാത്രം നിരക്ഷിക്കാൻ അനുവദിക്കണമെന്ന കേരളത്തിന്‍റെ ആവശ്യത്തിൽ കേന്ദ്ര സർക്കാർ ഉടൻ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ദിവസങ്ങളുടെ കാര്യത്തിലെ ആശയക്കുഴപ്പം അടിയന്തരമായി പരിഹരിക്കണമെന്നും നിലവിൽ എത്തിയവരുടെ 7 ദിവസത്തെ നിരീക്ഷണം കഴിയും മുമ്പെങ്കിലും ഇക്കാര്യത്തിൽ തീരുമാനമുണ്ടാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് ഇന്ന് കേന്ദ്രം സത്യവാങ്മൂലം സമർപ്പിച്ചത്.