pic

തൃശൂർ: തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ്റെ തൃശൂർ വടക്കാഞ്ചേരിയിലെ വീടിന് മുമ്പിൽ യൂത്ത് കോൺഗ്രസ് പ്രവർത്തരുടെ പ്രതിഷേധം. മന്ത്രി നിരീക്ഷണത്തിൽ പോകണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് വടക്കാഞ്ചേരി ബ്ലോക്ക് കമ്മിറ്റി പ്രതിഷേധം നടത്തിയത്. വീടിന് സമീപത്ത് വെച്ച് പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. തുടർന്ന് കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

കൊവിഡ് നിരീക്ഷണത്തിലുള്ള പ്രവാസികളെ സന്ദർശിച്ച മന്ത്രി എ സി മൊയ്തീന്‍ നിരീക്ഷണത്തില്‍ പോകണമെന്ന് ആവശ്യപ്പെട്ട് നേരത്തെ, കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കര ജില്ലാ കളക്ടര്‍ക്ക് കത്തയച്ചിരുന്നു. തൃശൂരില്‍ കൊവിഡ് സ്ഥിരീകരിച്ച രണ്ട് പ്രവാസികളുമായി മന്ത്രിയും എംഎല്‍എയും കളക്ടറും അടുത്ത് ഇഴപഴകിയെന്ന് കാണിച്ച് തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കോണ്‍ഗ്രസ് പരാതിയും നല്‍കിയിട്ടുണ്ട്. മൊയ്‌തീനെതിരെ കോടതിയെ സമീപിക്കനാണ് അനിൽ അക്കരയുടെ നീക്കം.

അതേസമയം, മെഡിക്കൽ ബോർഡിൻ്റെ ശുപാർശ കിട്ടിയിട്ടില്ലെന്നും ശുപാർശ എന്തായാലും അനുസരിക്കുമെന്നും മന്ത്രി എ.സി മൊയ്തീൻ പ്രതികരിച്ചു. നിലവിൽ അത്യാവശ്യ യോഗങ്ങളിൽ മാത്രമാണ് പങ്കെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു.