pic

വയനാട്: വയനാട്ടിൽ രോഗം സ്ഥിരീകരിച്ച പൊലീസുകാരൻ കോട്ടയത്തെത്തി. കോട്ടയത്തെ ബന്ധുവീട് ഇയാൾ സന്ദർശിച്ചതായാണ് വിവരം. കോട്ടയം മെഡിക്കൽ കോളേജിലെ ആരോഗ്യപ്രവർത്തകയാണ് ബന്ധു. വയല സ്വദേശിയായ ഇവരെ പ്രാഥമിക നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തി. മെഡിക്കൽ കോളേജിൽ ഇവരുമായി ബന്ധപ്പെട്ടവരുടെ വിവരം ശേഖരിക്കുകയാണ് ആരോഗ്യവകുപ്പ്. രോഗികളുടെ എണ്ണം ദിനം പ്രതി വർദ്ധിക്കുന്ന സാഹചര്യത്തിൽ വയനാട്ടിൽ ജാഗ്രത കർശനമാക്കിയിരിക്കുകയാണ്.

മാനന്തവാടി മേഖലയിൽ കർശന നിയന്ത്രണങ്ങൾ തുടരും. കളക്ട്രേറ്റിലെ പതിവ് അവലോകനയോഗങ്ങളും ദിവസേനയുള്ള വാർത്താസമ്മേളനവും തൽക്കാലത്തേക്ക് നിർത്തി. പൊലീസുകാരിൽ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ അതിർത്തിയിലടക്കം ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.