തിരുവനന്തപുരം: കൊവിഡ് ഭയന്ന് വിദേശത്ത് നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും ഗർഭിണികളുടെ വരവ് വർദ്ധിച്ചതോടെ ഇവരുടെ പരിചരണത്തിനും പ്രസവമുൾപ്പെടെയുള്ള കാര്യങ്ങൾക്കും കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം ആരോഗ്യവകുപ്പ് നടപടികൾ തുടങ്ങി. ഗർഭകാല പരിചരണത്തിനും പ്രസവസംബന്ധമായ ആവശ്യങ്ങൾക്കും പ്രസവാനനന്തര ചികിത്സയ്ക്കും കൊവിഡ് വ്യാപനം തടഞ്ഞുകൊണ്ടുളള ആരോഗ്യ സുരക്ഷാ നടപടികളാണ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കൈക്കൊണ്ടിരിക്കുന്നത്.
പ്രവാസികൾക്കായി വിമാന സർവീസ് ആരംഭിച്ച തുമുതൽ 402 ഗർഭിണികളാണ് ഇതുവരെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. ഇന്ത്യൻ നേവിയുടെ ഓപ്പറേഷൻ സമുദ്ര സേതു ദൗത്യത്തിൽ ഐ.എൻ.എസ് ജലാശ്വയിൽ 19 ഗർഭിണികളും നാട്ടിലെത്തി. അയൽ സംസ്ഥാനങ്ങളിൽ നിന്ന് നാട്ടിലെത്തിയവരുടെ കൂട്ടത്തിലുമുണ്ട് ഗർഭിണികളായ നിരവധി സ്ത്രീകൾ. മറ്റ് ശാരീരികബുദ്ധിമുട്ടുകളില്ലാത്ത ഗർഭിണികളോട് വീടുകളിൽ സമ്പർക്ക വിലക്കിൽ കഴിയാനാണ് നിർദേശിച്ചിരിക്കുന്നത്. എന്നാൽ, പ്രസവതീയതി അടുത്തവർക്കും ഗർഭസംബന്ധമായ പ്രയാസങ്ങൾ നേരിടുന്നവർക്കും ആശുപത്രിസേവനം അത്യാവശ്യമാണ്. ഇതിനായി കൊവിഡ് പോസിറ്റീവായവർക്കും നെഗറ്റീവായവർക്കും പ്രത്യേക സജ്ജീകരണങ്ങളും പ്രസവമുറികളുമാണ് ഒരുക്കിയിട്ടുള്ളത്.
പ്രസവശേഷമുള്ള ശുശ്രൂഷകൾക്കും പ്രത്യേക മുറികളാണ്. കൊവിഡ് പോസിറ്റീവും നെഗറ്റീവുമായ നവജാതശിശുക്കളെ പരിചരിക്കാൻ പ്രത്യേക എൻ.ഐ.സി യുകളും സജ്ജമാക്കിയതായി ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ നിന്ന് അറിയിച്ചു. കോഴിക്കോടും കൊച്ചിയിലുമാണ് ഏറ്റവുമധികം ഗർഭിണികൾ വിമാനമാർഗം നാട്ടിലെത്തിയത്. ഇവർക്കായി കോഴിക്കോട് മെഡിക്കൽ കോളേജ്, കളമശേരി മെഡിക്കൽ കോളേജ്, എന്നിവിടങ്ങളിലും തിരുവനന്തപുരത്ത് എത്തിയവർക്കായി തിരുവനന്തപുരം ജനറൽ ആശുപത്രി, എസ്.എ.ടി ആശുപത്രി എന്നിവിടങ്ങളിലും സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.
സമ്പർക്ക വിലക്കിൽ കഴിയേണ്ട ഗർഭിണികൾക്ക് വീടിന് സമീപമുള്ള താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും അടിയന്തരഘട്ടങ്ങളിൽ വൈദ്യസഹായം ലഭ്യമാകും. പ്രസവതീയതി അടുത്തവർക്കും മറ്റ് അസ്വസ്ഥതകൾ അനുഭവിക്കുന്ന ഗർഭിണികൾക്കും ചികിത്സ ലഭിക്കും. അടിയന്തര ചികിത്സ വേണ്ടവർക്ക് പ്രത്യേക സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ഇവരെ ആശുപത്രിയിലെത്തിക്കാനും തിരികെ വീട്ടിലേക്ക് മടക്കി അയക്കാനും ആംബുലൻസ് സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്.