tablets-

വാഷിംഗ്ടൺ: കൊവിഡ് ചികിത്സയ്ക്ക് മലേറിയ മരുന്ന് ഫലപ്രദമല്ലെന്ന് ശാസ്ത്രീയ പഠനം. യു.എസിൽ കൊവിഡ് പിടിപെട്ടവരിൽ മലേറിയ മരുന്ന് നൽകിയിട്ടും രോഗം ഭേദമാകുന്ന തോതിൽ ഒരു വ്യത്യാസവും കണ്ടെത്താനായില്ലെന്ന് ഏറ്റവും പുതിയ പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മരുന്നു പരീക്ഷണത്തിന്റെ ഗോൾഡ് സ്റ്റാന്റേർഡ് ആയി കണക്കാക്കുന്ന പ്ലാസിബോ നിയന്ത്രിത പഠനങ്ങളിലും മലേറിയ മരുന്ന ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടില്ല.

ചൈനയിൽ മിതമായ തോതിൽ രോഗം വന്ന 150 പേരിൽ മലേറിയ മരുന്ന് പരീക്ഷിച്ചപ്പോഴും രോഗം വലിയ തോതിൽ ഭേദമായില്ല. ഇത് പ്രതികൂല ഫലം സൃഷ്ടിക്കുന്നുവെന്നും കണ്ടെത്തി. ഫ്രാൻസിൽ ഓക്സിജൻ ആവശ്യമായ രീതിയിൽ ഗുരുതരമായി കൊവിഡ് ന്യൂമോണിയ പിടിപെട്ട രോഗികളിലും മലേറിയ മരുന്ന് ചികിത്സ നടത്തിയിരുന്നു. ഈ രോഗികളിലും ഒരുമാറ്റവും സൃഷ്ടിച്ചില്ലെന്നാണ് പഠനം.

മലേറിയ രോഗത്തിന് ചികിത്സിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിൻ ആണ് കൊവിഡ് ചികിത്സയ്ക്ക് ഫലപ്രദമാണെന്ന അഭിപ്രായം ഉയർന്നതിനെതുടർന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഹൈഡ്രോക്സി ക്ലോറോക്വിൻ ഇന്ത്യയിൽ നിന്ന് നിർബന്ധിച്ച് വാങ്ങിയിരുന്നു. നൽകിയില്ലെങ്കിൽ ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തെ പോലും ബാധിക്കും എന്നായിരുന്നു ട്രംപിന്റെ ഭീഷണി. പിന്നാലെ ഇന്ത്യ മരുന്ന് കയറ്റി അയച്ചു. ആ മരുന്ന് ഒരു ഗുണവും ചെയ്തില്ലെന്നാണ് ഇപ്പോൾ അമേരിക്ക പറയുന്നത്.