rc

തിരുവനന്തപുരം: ബാറുകളിൽ നിന്നും മദ്യം പാഴ്സലായി വിൽക്കാനുള്ള തീരുമാനത്തിന് തൻറെ ഫേസ് ബുക്ക് പോസ്റ്റ് ഉദ്ധരിച്ച മുഖ്യമന്ത്രി ആടിനെ പട്ടിയാക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തിരക്ക് ഒഴിവാക്കാൻ ബെവ്കോ ഔട്ട് ലെറ്റുകൾ അടച്ചുപൂട്ടണമെന്നാണ് പോസ്റ്റിലൂടെ ആവശ്യപ്പെട്ടതെന്നും ആ പോസ്റ്റ് ആയുധമാക്കി ബാറുകൾ കൂടി തുറക്കാനുള്ള മുഖ്യമന്ത്രിയുടെ കുബുദ്ധി അപാരമാണെന്നും രമേശ് ചെന്നിത്തല പറയുന്നു. ബാറുകൾക്ക് ചില്ലറ വില്പനയ്ക്ക് അനുമതി നൽകുന്നതിലൂടെ ബാറുടമകൾക്ക് വൻതോതിലാണ് ലാഭമുണ്ടാകുകയെന്നും ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു.

ബിവറേജസ് ഔട്ടലെറ്റുകളുടെ മൂന്നിരട്ടി ഔട്ട്‌ലെറ്റുകള്‍ ബാറുകളില്‍ തുറക്കുന്നതോടെ ബിവറേജസ് ഔട്ടലെറ്റുകളിലെ വില്പന ഇടിയുകയും കാലക്രമത്തില്‍ അടച്ചു പൂട്ടുകയും ചെയ്യുമെന്ന് ചെന്നിത്തല പറ‍ഞ്ഞിരുന്നു. ഈ കൊടിയ അഴിമതിക്ക് ഫേസ് ബുക്ക് പോസ്റ്റിനെ കൂട്ടു പിടിക്കേണ്ട കാര്യമില്ലെന്നും. കൊവിഡ് ദുരിത കാലത്ത് ഇത് തന്നെ അവസരമെന്ന മട്ടില്‍ കൊള്ള നടത്തുകയല്ല വേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ബാറുകളില്‍ നിന്ന് പാഴ്സല്‍ കൊടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം പ്രതിപക്ഷ നേതാവിൻ്റെ ഉപദേശവും കൂടി പരിഗണിച്ചുകൊണ്ടാണെന്ന് മുഖ്യമന്ത്രി ഇന്നലെ വാർത്താസമ്മേളനത്തിൽ പറ‌ഞ്ഞിരുന്നു. ചെന്നിത്തലയുടെ മുമ്പത്തെ ഫേസ്‌ബുക്ക് പോസ്റ്റ് പരാമര്‍ശിച്ചായിരുന്നു മറുപടി.