ചെന്നൈ: തമിഴ്‌നാട്ടില്‍ മദ്യവില്‍പ്പന തടഞ്ഞ മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഓണ്‍ലൈന്‍ ഉള്‍പ്പെടെ ഏത് രീതിയില്‍ വേണമെങ്കിലും സര്‍ക്കാരിന് മദ്യം വില്‍ക്കാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. നേരത്തെ തമിഴ്‌നാട് സര്‍ക്കാർ ഉടമസ്ഥതയിലുള്ള ടാസ്മാക്കുകള്‍ വഴി മദ്യം വില്‍ക്കാനുള്ള സര്‍ക്കാർ തീരുമാനം മദ്രാസ് ഹൈക്കോടതി തടയുകയായിരുന്നു. സാമൂഹ്യ അകലം പാലിക്കാത്തതിനാല്‍ ഓണ്‍ലൈന്‍ വഴി മദ്യം വില്‍ക്കാനുള്ള സാധ്യത പരിശോധിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത സുപ്രീം കോടതി ടാസ്മാക് ഷോപ്പുകള്‍ തുറക്കാനുള്ള അനുമതി നല്‍കുകയായിരുന്നു. ഇതോടൊപ്പം ഓണ്‍ലൈന്‍ ഉള്‍പ്പെടെ ഏത് രീതിയില്‍ മദ്യം വില്‍ക്കാമെന്ന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന നിരീക്ഷണവും കോടതി നടത്തി. നേരത്തെ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത് രാഷ്ട്രീയ വിവാദത്തിന് കാരണമായിരുന്നു.