ട്രംപ്, അമേരിക്കൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്, മറ്റ് അമേരിക്കൻ ഉദ്യോഗസ്ഥർ എന്നിവരെ ബൊൽസൊനാരോയും സംഘവും കണ്ടുമുട്ടിയിരുന്നു. ഇതിന് ദിവസങ്ങൾക്ക് ശേഷമാണ് ബൊൽസൊനാരോയുടെ മാദ്ധ്യമ സെക്രട്ടറി ഫാബിയോ വാന്യഗാർട്ടന് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതിനു ശേഷം ബൊൽസൊനാരോയുടെ അടുത്ത പല ഉദ്യോഗസ്ഥർക്കും രോഗ ബാധ കണ്ടെത്തി.
രണ്ട് പ്രസിഡന്റുമാർക്കും വൈറസ് ബാധിച്ചിരിക്കുമോ എന്ന ആശങ്കകളുമുണ്ടായി. ഫാബിയോയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡന്റ് മൈക്ക് പെൻസും സമ്പർക്കത്തിൽ വന്നില്ലെന്നും അതുകൊണ്ട് തന്നെ ഇരുവരും പരിശോധനയ്ക്ക് വിധേയമാകേണ്ട കാര്യം തത്കാലം ഇല്ലെന്നുമായിരുന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്റ്റെഫനി ഗ്രിഷാം അന്ന് പറഞ്ഞത്.
എന്നാൽ ട്രംപിനും പെൻസിനുമൊപ്പം നില്ക്കുന്ന ചിത്രം ഫാബിയോ തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്ചെയ്തിരുന്നു. ഫ്ലോറിഡയിലെത്തിയ ബൊൽസൊനാരോയും അനുയായികളും ട്രംപിനൊപ്പം അത്താഴ വിരുന്നിൽ പങ്കെടുത്തിരുന്നു. ബൊൽസൊനാരോയ്ക്കൊപ്പമുണ്ടായിരുന്ന 17 പേർക്ക് 15 ദിവസത്തിനുള്ളിൽ രോഗം സ്ഥിരീകരിച്ചതായി മാൻഡെറ്റ പറയുന്നു. മൂന്ന് തവണ നടത്തിയ പരിശോധനകളിൽ ബൊൽസൊനാരോയുടെ ഫലം നെഗറ്റീവായിരുന്നു. യു.എസിൽ പോയി മടങ്ങിയെത്തിയ ശേഷം മാർച്ച് 12നും മാർച്ച് 17നും ഇടയിൽ നടത്തിയ പരിശോധനകളിലാണ് ഫലം നെഗറ്റീവായിരിക്കുന്നത്. അടുത്തിടെ സുപ്രീംകോടതിയാണ് പ്രസിഡന്റിന്റെ പരിശോധന ഫലം പൊതുജനങ്ങൾക്ക് വെളിപ്പെടുത്തിയത്.
നിയമവിധികൾ ആവർത്തിച്ചിരുന്നെങ്കിലും ഏറെ നാളായി ബൊൽസൊനാരോ തന്റെ പരിശോധന ഫലം രാജ്യത്ത് പരസ്യമാക്കാൻ വിസമ്മതിച്ചിരിക്കുകയായിരുന്നു. തന്റെ അനുയായികൾക്ക് കൊവിഡ് ബാധിച്ചെങ്കിലും ബൊൽസൊനാരോ അന്നും ഇന്നും വൈറസിനെ താഴ്ത്തിക്കാണിക്കുകയാണ്. ആരോഗ്യമന്ത്രിയായിരുന്ന മാൻഡെറ്റയെ ഏപ്രിൽ 16നാണ് ബൊൽസൊനാരോ പുറത്താക്കിയത്. രാജ്യത്ത് വൈറസിനെ പ്രതിരോധിക്കുന്നതിന് ബൊൽസൊനാരോയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന തണുപ്പൻ പ്രതികരണത്തെ ചൊല്ലി ഇരുവരും തമ്മിൽ വാക്ക് തർക്കം രൂക്ഷമായിരുന്നു. വൈറസ് വ്യാപനം തടയാൻ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള പ്രതിവിധികൾ മുന്നോട്ട് വച്ച മാൻഡെറ്റ രാജ്യത്ത് ഏറെ സ്വീകാര്യത ലഭിച്ച മന്ത്രിയായിരുന്നു. ലാറ്റിനമേരിക്കയിൽ കൊവിഡ് ഏറ്റവും കൂടുതൽ നാശം വിതച്ചിരിക്കുന്ന ബ്രസീലിൽ ഇതേവരെ 203,165 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 13,999 പേർക്ക് ജീവൻ നഷ്ടമായി. നിലവിൽ രോഗികളുടെ എണ്ണത്തിൽ ലോകത്ത് ആറാം സ്ഥാനമാണ് ബ്രസീലിന്.