തിരുവനന്തപുരം: മൂവായിരം സ്ക്വയർഫീറ്റിലധികം വരുന്ന വീട് നിർമ്മിച്ചവകയിലെ ലക്ഷങ്ങളുടെ കടം ലോക്ക് ഡൗൺ കാലത്ത് ചാരായം വാറ്റി തീർക്കാനൊരുമ്പെട്ടതാണ് എറണാകുളം വടക്കൻ പറവൂർ സ്വദേശി ബിജുവിന് പാരയായത്. ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് അനധികൃത മദ്യവിൽപ്പന തടയാൻ പരമ്പരാഗത വാറ്റുകാരെയെല്ലാം നിരീക്ഷണത്തിലാക്കിയിട്ടും നാട്ടിൽ സുലഭമായ ചാരായത്തിന്റെ ഉറവിടംതേടിയുള്ള യാത്രയാണ് നോർത്ത് പറവൂർ എക്സൈസിനെ പട്ടണത്തിൽ നിന്ന് കഷ്ടിച്ച് നാല് കിലോ മീറ്റർ അകലെയുള്ള ബിജുവിന്റെ കൊട്ടാരസദൃശ്യമായ വീട്ടിലെത്തിച്ചത്. വടക്കൻ പറവൂർ പ്രദേശത്ത് ലോക്ക് ഡൗണിനുശേഷം പുതുമുഖങ്ങളും പതിവുകാരുമുൾപ്പെടെ ധാരാളം പേർ ചാരായക്കച്ചവടക്കാരായി മാറിയതായി എക്സൈസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആഴ്ചകൾ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് ചാരായക്കമ്പനി ഉടമ വലയിലായത്.
പറവൂറിലെ മല്ലിയൻകരയിൽ നിന്ന് ദിവസങ്ങൾക്ക് മുമ്പ് പിടികൂടിയ ചാരായം ഇടനിലക്കാരൻ വഴി വാങ്ങിയതാണെന്ന് പിടിയിലായ ആളുടെ മൊഴിയാണ് മാളിക വീട്ടിലെ വാറ്റുകാരനെ പൊക്കാൻ എക്സൈസിനെ സഹായിച്ചത്. വിൽപ്പനക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇടനിലക്കാരനെ കസ്റ്റഡിയിലെടുത്ത് വേണ്ടവിധത്തിൽ ചോദ്യം ചെയ്തപ്പോഴാണ് നാളിതുവരെ എക്സൈസിന്റെ ലിസ്റ്റിൽപ്പെടാതിരുന്ന ബിജുവിനെപ്പറ്റിയുള്ള വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ബിജുവിന്റെ വീടും പരിസരവും രഹസ്യായി നിരീക്ഷിക്കാനെത്തിയ എക്സൈസുകാർക്ക് ഇടനിലക്കാരന്റെ മൊഴി കളവായിരിക്കുമെന്നാണ് ആദ്യം തോന്നിയത്. അന്വേഷണം വഴിതെറ്റിക്കാൻ കളവ് പറഞ്ഞതാണെന്ന് കരുതിയ എക്സൈസ് ഉദ്യോഗസ്ഥർ സംശയം തീർക്കാൻ വീണ്ടും ഇടനിലക്കാരനെ ചോദ്യം ചെയ്തു.
ഇയാളുടെ ഫോണിൽ നിന്ന് ബിജുവിനെ വിളിച്ചു. ചാരായം സ്റ്റോക്കുണ്ടോയെന്ന് ഉറപ്പാക്കി. എത്രലിറ്റർ വേണമെങ്കിലും മണിക്കൂറിനകം റെഡിയെന്ന് പറഞ്ഞതോടെ ഇടനിലക്കാരന്റെ മൊഴി കളവല്ലെന്ന് ബോദ്ധ്യപ്പെട്ടു. വീടും പരിസരവും ഒരിക്കൽകൂടി നിരീക്ഷിച്ചുറപ്പാക്കിയശേഷം ബിജുവിനെ അന്വേഷിച്ചെത്തിയ നോർത്ത് പറവൂർ എക്സൈസ് ഇൻസ്പെക്ടറും സംഘവും ഞെട്ടി.
കൊട്ടാരക്കെട്ടുപോലുള്ള വീടിന്റെ മതിൽക്കെട്ടിനുള്ളിൽ വടക്കുകിഴക്ക് ഭാഗത്തെ ഒരുഷെഡായിരുന്നു ബിജുവിന്റെ വാറ്റുകേന്ദ്രം. ഗോത്തുരുത്തിലെ പരമ്പരാഗത ചാരായ നിർമ്മാണത്തിന്റെ മാതൃകയിലാണ് ലക്ഷങ്ങൾ മുടക്കി ഷെഡും വാറ്റുപകരണങ്ങളും സ്ഥാപിച്ചത്. തറയിൽ തുരന്നിട്ട അഞ്ഞൂറ് ലിറ്ററിന്റെ കൂറ്റൻ സിന്തറ്റിക്ക് ടാങ്കുകളിൽ കോട കലക്കിയിട്ട് നട്ടുച്ചനേരത്ത് വാറ്റിക്കൊണ്ടിരിക്കുന്നതിനിടെയാണ് എക്സൈസ് സംഘം ഇവിടെ പരിശോധനയ്ക്കെത്തിയത്. ഗ്യാസ് അടുപ്പിൽ നിന്ന് ചൂടുചാരായം തണുപ്പിക്കാനുള്ള സംവിധാനത്തിലേക്ക് ഇറ്റുവീണുകൊണ്ടിരിക്കുന്നു.
എക്സൈസ് ഉദ്യോഗസ്ഥരെ കണ്ടിട്ടും വാറ്റ് നിർത്താനൊന്നും ഒരുമ്പെടാതിരുന്ന ബിജു എക്സൈസ് ഉദ്യോഗസ്ഥർക്ക് മുന്നിൽ ഓഫറുകൾ വച്ച് കേസ് ഒതുക്കാനാണ് ശ്രമിച്ചുകൊണ്ടിരുന്നത്. പത്ത് ലിറ്റർ വീതമുള്ള കന്നാസുകളിലാക്കിയായിരുന്നു ബിജുവിന്റെ വിൽപ്പന. ഇടനിലക്കാർക്ക് ലിറ്ററിന് 1500 രൂപ നിരക്കിലായിരുന്നു കച്ചവടം.. ശർക്കരയും വെള്ളവും ഗ്യാസുമുൾപ്പെടെ ഒരുലിറ്ററിന്റെ മുടക്കുമുതൽ ഏറിയാൽ അമ്പത് രൂപയിലൊതുങ്ങും.ലോക്ക് ഡൗണിൽ മദ്യശാലകൾ അടഞ്ഞതോടെ രാവും പകലുമില്ലാതെ ആയിരക്കണക്കിന് ലിറ്റർ ചാരായമാണ് ബിജു ഇവിടെ വാറ്റിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു.
പ്ളസ് ടു അദ്ധ്യാപികയായ ഭാര്യ മദ്ധ്യവേനലവധിയും കൊവിഡ് ലോക്ക് ഡൗണുമായതിനാൽ വീട്ടിൽ തന്നെയുണ്ടായിരുന്നെങ്കിലും പ്രിന്റിംഗ് സ്ഥാപന ഉടമകൂടിയായ ബിജു ചാരായം വാറ്റെന്ന സാഹസത്തിനൊരുമ്പെടുമെന്ന് കരുതിയിരുന്നില്ല. വീട്ടുവളപ്പിലെ ഷെഡിൽ ഭർത്താവ് രാപകലില്ലാതെ അദ്ധ്വനിക്കുന്നതിന്റെ കാര്യം ഇവർ അന്വേഷിച്ചെങ്കിലും മുയൽഫാമിലെ മുയലുകൾക്ക് ധാന്യങ്ങൾ അവിക്കുകയും ആയൂർവേദ മരുന്നുകൾ നിർമ്മിച്ച് നൽകുകയുമാണെന്നാണ് പറഞ്ഞിരുന്നത്. ദിവസവും മരുന്നുണ്ടാക്കുന്നത് ചോദ്യം ചെയ്തതിന് ഭാര്യയെ വിരട്ടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതിനാൽ ഇവർ പിന്നീട് ഇത് ഗൗനിച്ചിരുന്നില്ലെന്നാണ് എക്സൈസിന് നൽകിയിരിക്കുന്ന മൊഴി.
നാട്ടിൽ വെഡ്ഢിംഗ് കാർഡുകൾ പ്രിന്റ് ചെയ്ത് നൽകുന്ന സ്ഥാപനം നടത്തിവരികയായിരുന്നു ബിജു. ലോക്ക് ഡൗണിൽ വിവാഹവും ഗൃഹപ്രവേശവുമുൾപ്പെടെയുള്ള ചടങ്ങുകൾ മാറ്റിവയ്ക്കുകയും സ്ഥാപനം പൂട്ടിയിടുകയും ചെയ്തതോടെ സാമ്പത്തിക ക്ളേശത്തിലായതാണ് വ്യാജവാറ്റ് തുടങ്ങാൻ പ്രേരിപ്പിച്ചതെന്ന് ബിജു എക്സൈസിനോട് വെളിപ്പെടുത്തി. ലോണെടുത്തും പണം പലിശയ്ക്ക് വാങ്ങിയുമാണ് വീട് വച്ചത്. വീടിന്റെ കടബാദ്ധ്യതകളും മക്കളുടെ പഠനവും ആർഭാടജീവിതവുമെല്ലാംകൂടി പിടിച്ചുനിൽക്കാൻ കഴിയാതെ വന്നപ്പോൾ ചാരായം വാറ്റി പണമുണ്ടാക്കാമെന്ന് മോഹിച്ചതാണ് ബിജുവിനെ ഇരുമ്പഴിക്കുള്ളിലാക്കിയത്.