തിരുവനന്തപുരം :കൊവിഡിന്റെ മറവിൽ ബാറുകളിൽ മദ്യത്തിന്റെ പുറം വില്പനയ്ക്ക് അനുമതി നൽകിയതിന് പിന്നിലെ അഴിമതിയെ ന്യായീകരിക്കാൻ തന്റെ ഫേസ് ബുക്ക് പോസ്റ്റ് ഉദ്ധരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ,ആടിനെ പട്ടിയാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
ബിവറേജസ് ഔട്ട്‌ലെറ്റുകൾക്ക് മുന്നിലെ തിരക്ക് അപകടകരമായതിനാൽ അടച്ചു പൂട്ടണമെന്നാണ് താൻ പറഞ്ഞത്. ലോക്ക് ഡൗൺ തുടങ്ങിയ സമയത്ത് ഔട്ട്‌ലെറ്റുകൾ അടയ്ക്കാൻ സർക്കാർ കൂട്ടാക്കാതിരുന്നപ്പോഴായിരുന്നു അത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിനെ ഉപയോഗിച്ച് ബാറുകളും കൂടി തുറക്കാനുള്ള മുഖ്യമന്ത്രിയുടെ കുബുദ്ധി അപാരമാണ്.
ബാറുകളിലൂടെ ചില്ലറവില്പനയ്ക്കുള്ള അനുമതി സർക്കാർ നടത്തിയ തീവെട്ടിക്കൊള്ളയാണ്. രണ്ട് ദശാബ്ദങ്ങൾക്ക് ശേഷമാണ് മദ്യത്തിന്റെ ചില്ലറ വില്പനയിൽ സർക്കാരിന്റെ കുത്തക അവസാനിപ്പിച്ച് മദ്യമുതലാളിമാരെ ഏല്പിക്കുന്നത്. കോടികളുടെ അഴിമതിയാണ് ഇതിന് പിന്നിൽ. മദ്യത്തിന്റെ ചില്ലറ വില്പനയിലൂടെ ബിവറേജസ് കോർപ്പറേഷന് ലഭിക്കുന്ന 20 ശതമാനം കമ്മിഷൻ സർക്കാരിന്റെ ഖജനാവിലേക്കാണെങ്കിൽ, ബാറുകളിൽ ബിവറേജസ് നിരക്കിൽ വിൽക്കുന്ന മദ്യത്തിന്റെ കമ്മിഷൻ മദ്യമുതലാളിമാരുടെ പോക്കറ്റിലേക്കാണ് . ബിവറേജസിന്റെ മൂന്നിരട്ടി ഔട്ട്‌ലെറ്റുകൾ ബാറുകളിൽ തുറക്കുന്നതോടെ, ബിവറേജസ് ഔട്ട്ലറ്റുകളിലെ വില്പന ഇടിയുകയും , കാലക്രമത്തിൽ അടച്ചു പൂട്ടുകയും ചെയ്യും. ഈ കൊടിയ അഴിമതിക്ക് തന്റെ ഫേസ് ബുക്ക് പോസ്റ്റിനെ കൂട്ടുപിടിക്കരുതെന്നും ചെന്നിത്തല പറഞ്ഞു.