വാഷിംഗ്ടൺ: കൊവിഡിന് കാരണക്കാരായ ചൈനയുമായി ഒരുതരത്തിലുള്ള ബന്ധത്തിനുമില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങുമായി സംസാരിക്കാൻ തനിക്ക് താത്പര്യമില്ലെന്ന് ഒരു മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ട്രംപ് വെളിപ്പെടുത്തി.
വൈറസിന്റ വ്യാപനം തടയാതിരിക്കാൻ ചൈന നടപടി സ്വീകരിക്കാത്തതിൽ അതീവ ദു:ഖമുണ്ട്. ജനുവരിയിൽ ചൈനയുമായുള്ള വ്യാപാരബന്ധം പുനരാരംഭിക്കാൻ കരാർ ഒപ്പുവച്ചിരുന്നു. ഇനി കരാർ പുതുക്കില്ല. ചൈനയ്ക്ക് കൊവിഡിനെ ഫലപ്രദമായി തടയാമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ വളരെ മികച്ച വ്യാപാരകരാർ അവരുമായി ഉണ്ടാക്കുമായിരുന്നു.
ട്രംപ് അസന്നിഗ്ധമായി പ്രഖ്യാപിച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലഞ്ഞു. ചൈനയിലുള്ള കോടിക്കണക്കിന് ഡോളറിന്റെ അമേരിക്കൻ പെൻഷൻ ഫണ്ട് പിൻവലിക്കാൻ ട്രംപ് ഉത്തരവിട്ടു. ചൈനക്കെതിരെ ഉപരോധം ഏർപ്പെടുത്താൻ യു.എസ് സെനറ്റിൽ പ്രമേയം അവതരിപ്പിച്ചതിനു പിന്നാലെയാണ് ട്രംപ് ശക്തമായ നടപടികളുമായി മുന്നോട്ട് പോകുന്നത്.