മുടപുരം: മംഗലപുരം പഞ്ചായത്തിൽ തരിശായികിടക്കുന്ന 15 ഹെക്ടർ വരുന്ന പുന്നയിക്കുന്നം ഏലായിൽ നെൽകൃഷിയിറക്കാൻ പാടശേഖര സമിതി തീരുമാനിച്ചു..കർഷകർ നേരിട്ടും ബാക്കി വരുന്നത് കുടുംബശ്രീയുമാണ് കൃഷിയിറക്കുക.
പഞ്ചായത്തിൽ ബാക്കി കിടക്കുന്ന 27 ഹെക്ടർ തരിശുഭൂമി ഉടമകൾ,കർഷകർ എന്നിവരെ കൊണ്ട് പാട്ടത്തിനെടുത്ത് മരച്ചീനി, പച്ചക്കറി എന്നിവ കൃഷിചെയ്യും.വിത്ത്,തൈ,ജൈവ വളം,ജൈവകീടനാശിനി,കൂലിച്ചിലവ് എന്നിവ നൽകി തരിശു ഭൂമിയിൽ കുടുംബശ്രീക്ക് പച്ചകൃഷി ചെയ്യാൻ ജൈവ സമൃദ്ധി പദ്ധതി നടപ്പാക്കും.300 കുടുംബങ്ങൾക്ക് വീതം ഗ്രോബാഗ് പച്ചക്കറി, സമഗ്ര കിഴങ്ങു വർഗ പുരയിടകൃഷി,100 കുടുംബങ്ങളിൽ ഫലവൃക്ഷ കൃഷി,500 വീടുകളിൽ വാഴകൃഷി എന്നിവയും ആരംഭിക്കും.
മുട്ട ഉത്പാദനം ലക്ഷ്യമിട്ട് 2000 കുടുംബങ്ങളിൽ 20,000 കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യും.കുടുംബശ്രീക്കും വ്യക്തികൾക്കും മത്സ്യകൃഷി നടത്തുന്നതിനായി പഞ്ചായത്ത് കുളങ്ങൾ വിട്ടുനൽകും. 500 കുടുംബങ്ങളിൽ ക്ഷീര സമൃദ്ധി പദ്ധതിയും നടപ്പിലാക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു,വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി,സെക്രട്ടറി ജി.എൻ.ഹരികുമാർ,കൃഷി ഓഫീസർ സജി അലക്സ് എന്നിവർ പറഞ്ഞു.