ആറ്റിങ്ങൽ: അന്യ സംസ്ഥാനത്തുനിന്ന് തിരുവനന്തപുരം വഴി ആറ്റിങ്ങലെത്തിയ സ്ത്രീകൾ ഉൾപ്പടെയുള്ളവരെ മുനിസിപ്പൽ ചെയർമാൻ ഇടപെട്ട് ഹോം ക്വാറന്റൈനായി വീടുകളിലെത്തിച്ചു. വെള്ളിയാഴ്ച ഏഴരയോടെയാണ് ആറ്റിങ്ങൽ,നാവായിക്കുളം,ചിറയിൻകീഴ്,മംഗലപുരം എന്നീ സ്ഥലങ്ങളിലുള്ള ആറു പേരുമായി കെ.എസ്.ആർ.ടി.സി ബസ് ആറ്റിങ്ങൽ ഡിപ്പോയിൽ എത്തിയത്. ബസ് എത്തിയപ്പോഴാണ് ഡിപ്പോയിലെ ജീവനക്കാർ പോലും ഈ വിവരം അറിയുന്നത്. ബസിൽ എത്തിയവരും ജീവനക്കാരും എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി. ജീവനക്കാർ ഉടൻ തന്നെ നഗരസഭാ ചെയർമാൻ എം. പ്രദീപിനെ വിവരം അറിയിക്കുകയായിരുന്നു. ചെയർമാനോ നഗരസഭയ്ക്കോ താലൂക്കാശുപത്രിക്കൊ മുൻകൂട്ടി ഈ വിവരം ലഭിച്ചിട്ടില്ലായിരുന്നു.സ്ഥലത്തെത്തിയ ചെയർമാൻ ഉടനെ ആശുപത്രി സൂപ്രണ്ട് ജസ്റ്റിൻ ജോസിനെ വിളിച്ചു വരുത്തുകയും തുടർന്ന് ആശുപത്രി ആംബുലൻസിൽ ഇവരെ അവരവരുടെ വീടുകളിലെത്തിക്കുകയായിരുന്നു.