ബെർലിൻ : യൂറോപ്യൻ രാജ്യങ്ങൾ പതിയെ സാധാരണ ഗതിയിലേക്ക് മടങ്ങാനുള്ള ശ്രമങ്ങളിലാണ്. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയും വാണിജ്യമേഖല തുറന്നു കൊടുത്തുമൊക്കെ പഴയ സ്ഥിതിയിലേക്ക് മടങ്ങിയെത്താനൊരുങ്ങുകയാണ് കൊവിഡ് 19 ഏറ്റവും കൂടുതൽ നാശം വിതച്ച യൂറോപ്യൻ രാജ്യങ്ങൾ. എങ്കിലും വൈറസിനെ പൂർണമായി തുടച്ചു മാറ്റുന്നത് വരെ മനുഷ്യർ തമ്മിൽ സാമൂഹ്യ അകലം നിർബന്ധമാണല്ലോ. പല രാജ്യങ്ങളും പുറത്ത് റോബോട്ടിനെ ഉൾപ്പെടെ രംഗത്തിറക്കി സാമൂഹ്യ അകലം കർശനമാക്കുന്നത് നാം കാണുന്നുണ്ട്. ഇതിനിടെ ആളുകൾ തമ്മിൽ അകലം പാലിക്കാൻ രസകരമായ ഒരു ഐഡിയ അവതരിപ്പിച്ചിരിക്കുകയാണ് ജർമനിയിലെ ഒരു കഫേ. സ്വിമ്മിംഗ് പൂൾ ന്യൂഡിലുകൾ കൊണ്ട് നിർമിച്ച തൊപ്പിയാണ് ഇപ്പോൾ ഇവിടെയെത്തുന്നവരിൽ സാമൂഹ്യ അകലം ഉറപ്പാക്കാനായി ഉടമകൾ നൽകുന്നത്.
ജർമനിയിലെ ഷ്വെറിനിലാണ് ഈ അപൂർവ കാഴ്ച. രണ്ട് സ്വമ്മിംഗ് പൂൾ ന്യൂഡിലുകൾ തമ്മിൽ ചേർത്ത് നിർമിച്ച തൊപ്പി ഇവിടെ എത്തുന്നവരെല്ലാം ധരിക്കണം. ആദ്യമൊക്കെ അകലം പാലിച്ചിരിക്കാൻ ജീവനക്കാർ പറയുമായിരുന്നെങ്കിലും പലരും അത് തെറ്റിയ്ക്കാൻ തുടങ്ങിയതോടെയാണ് ഇത്തരമൊരു ആശയം നടപ്പാക്കാൻ കഫേ അധികൃതർ തീരുമാനിച്ചത്.
അതേ സമയം, ഈ കളർഫുൾ തൊപ്പികളുടെ കാര്യത്തിൽ ആശങ്ക പ്രകടിപ്പിക്കുന്നവരും കുറവല്ല. ഒരാൾക്ക് നൽകിയ തൊപ്പി തന്നെയാണ് മറ്റൊരാൾക്ക് നൽകുന്നതെന്നതാണ് കാരണം. എന്നാൽ തൊപ്പികളും ഇരിപ്പിടവുമെല്ലാം സമയോചിതമായി തന്നെ അണുവിമുക്തമാക്കുന്നതായി കഫേ അധികൃതർ പറയുന്നു.
യൂറോപ്യൻ രാജ്യമായ ജർമനിയിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ റെസ്റ്റോറന്റുകളും കഫേകളുമൊക്കെ വീണ്ടും പ്രവർത്തനം തുടങ്ങിയിരിക്കുകയാണ്. മേയ് 11 മുതൽ വീണ്ടും തുറന്ന റെസ്റ്റോറന്റുകളുടെയൊക്കെ സമയക്രമവും പ്രവർത്തനരീതിയുമൊക്കെ അതത് പ്രാദേശിക ഭരണകൂടങ്ങളാണ് തീരുമാനിക്കുന്നത്. കഴിഞ്ഞാഴ്ച തന്നെ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാനും എല്ലാ കടകൾ തുറക്കാനും ജർമനി അനുവദിച്ചിരുന്നു. അതേ സമയം, ലോക്ക്ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ വന്നതിന് ശേഷം ജർമനിയിൽ രോഗവ്യാപന തോത് കൂടിയത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇനി വീണ്ടുമൊരു ലോക്ക്ഡൗൺ വേണ്ടി വരുമോ എന്ന ഭീതിയിലാണ് ജർമനിയിലെ ആരോഗ്യ മേഖല. ഇതേവരെ 1,74,975 പേർക്കാണ് ജർമനിയിൽ കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ 7,928 പേർ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 877 പുതിയ കേസുകളാണ് ജർമനിയിൽ റിപ്പോർട്ട് ചെയ്തത്.