വെഞ്ഞാറമൂട് : ലോക്ക് ഡൗൺ കാലം കാർഷിക മേഖലയിൽ വലിയ മാറ്റങ്ങളാണ് വരുത്തിയതെന്നും തനത് കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും ഇക്കാലത്ത് തിരിച്ചുവന്നതായും വനം മന്ത്രി കെ.രാജു അഭിപ്രായപ്പെട്ടു. വെഞ്ഞാറമൂട് മൈലക്കുഴിയിൽ സി.പി.ഐ വെഞ്ഞാറമൂട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മരച്ചീനി കൃഷി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കൊവിഡ് കാലത്തെ ക്ഷാമം മുന്നിൽ കണ്ട് ഭക്ഷ്യ സുരക്ഷയ്ക്കായി സർക്കാർ ഒരുക്കിയ പദ്ധതിയായിരുന്നു സുഭിക്ഷ കേരളം. ഇതിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് സി.പി.ഐ രംഗത്തിറങ്ങിയത്. സംവിധായകൻ തുളസീദാസാണ് ലോക്ക് ഡൗൺ കാലത്തെ മരച്ചീനി കൃഷിക്കായി രണ്ടേക്കറോളം സ്ഥലം വിട്ടു കൊടുത്തത്.
പട്ടിണി രഹിത കേരളം നടപ്പാക്കാനുള്ള എല്ലാ പിന്തുണയും സിനിമാതാരം സുരാജ് വെഞ്ഞാറമൂട് വാഗ്ദാനം ചെയ്തു. സി.പി.ഐ ജില്ലാ അസി.സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, മണ്ഡലം സെക്രട്ടറി എ.എം. റൈസ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.എസ്. ഷൗക്കത്ത്, വെഞ്ഞാറമൂട് ലോക്കൽ കമ്മിറ്റി സെക്രട്ടി ആർ.എസ്. ജയൻ, സംഘാടക സമിതി ഭാരവാഹികളായ പി.സോമൻ ഉണ്ണിത്താൻ, എം.രാമകൃഷ്ണപിള്ള, സി.അർജ്ജുനൻ തുടങ്ങിയവർ പങ്കെടുത്തു.