തിരുവനന്തപുരം: മടങ്ങിയെത്തുന്ന പ്രവാസികളുടെയും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരുടെയും നിരീക്ഷണം കാര്യക്ഷമമാക്കാൻ തലസ്ഥാന നഗരസഭ. ഇതിനായി വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ വാർഡുതല സമിതികളും പ്രാദേശിക മോണിറ്ററിംഗ് സമിതികളും രൂപീകരിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ കൺവീനർമാരായ സമിതിയിൽ പൊലീസ്, ആരോഗ്യ പ്രവർത്തകർ, വില്ലേജ് ഓഫീസർ, ആശാ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, നഗരസഭാ ജീവനക്കാർ തുടങ്ങി റസിഡന്റ്സ് അസോസിയേഷൻ, രാഷ്ട്രീയ പാർട്ടികൾ, എൻ.സി.സി, എസ്.പി.സി, എന്നിവരുടെ പ്രതിനിധികളുമുണ്ടായിരിക്കും. 2500 വോളന്റിയർമാരുൾപ്പെട്ട പ്രാദേശിക സമിതികൾ 200 വീടുകളിൽ നിരീക്ഷണം നടത്തും. നിരീക്ഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ആപ് വഴി ജില്ലാ ഭരണകേന്ദ്രത്തിനും ഡി.എം.ഒയ്‌ക്കും കൈമാറും. യോഗത്തിൽ മേയർ കെ ശ്രീകുമാർ, വി കെ പ്രശാന്ത് എം.എൽ.എ എന്നിവർ പങ്കെടുത്തു.