cpm
cpm

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിലും നിയന്ത്രണത്തിലും സംസ്ഥാന സർക്കാർ നടത്തിയ ഇടപെടലിലൂടെ കൈവരിച്ച നല്ല അന്തരീക്ഷം അട്ടിമറിക്കാൻ യു.ഡി.എഫും ബി.ജെ.പിയും ശ്രമിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വിമർശിച്ചു. വാളയാർ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വിമർശനം.

മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും ആളുകൾ തിരിച്ചത്തുമ്പോൾ, സംസ്ഥാനത്തെ സ്ഥിതി വഷളാക്കാൻ പ്രതിപക്ഷം ബോധപൂർവം നീങ്ങുന്നു എന്നാണ് സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. എം.പിമാരും എം.എൽ.എമാരും രോഗസാദ്ധ്യതയുള്ളവരുമായി സമ്പർക്കം പുലർത്തിയ ശേഷം ഔദ്യോഗിക യോഗങ്ങളിലുൾപ്പെടെ പങ്കെടുത്തതിൽ ഗൂഢാലോചന സംശയിക്കണം.

മനുഷ്യർ മരിച്ചാലും തങ്ങളുടെ രാഷ്ട്രീയ അജൻഡ നടപ്പാക്കണമെന്ന ദുഷ്ടലാക്കാണ് ഇരു കക്ഷികൾക്കും. നാട് ഒറ്റക്കെട്ടായി നിൽക്കേണ്ടപ്പോൾ സങ്കുചിത ലക്ഷ്യങ്ങൾക്കായി ജനങ്ങളുടെ ജീവൻ പന്താടുകയാണ്. കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ ലോകവ്യാപകമായി അംഗീകരിച്ചതാണ്. രോഗവ്യാപനവും മരണനിരക്കും നിയന്ത്രിക്കുന്നതിൽ മികവുണ്ടായത് സർക്കാരിന്റെ സൂക്ഷ്മതയും അതീവജാഗ്രതയുമുള്ള നടപടികളിലൂടെയാണ്. വിദേശത്തും രാജ്യത്തുമുള്ള മലയാളികൾക്ക് നാട്ടിലേക്ക് മടങ്ങാനുള്ള അവകാശം നിഷേധിക്കാനാവില്ല. അവർ മടങ്ങിവരുന്നത് അഭിമാനകരവുമാണ്. അവരുടെയും മറ്റുള്ളവരുടെയും ജീവൻ രക്ഷിക്കാനുള്ള ക്രമീകരണങ്ങളാണ് സർക്കാർ ഒരുക്കിയത്. അത് തകർക്കാനുള്ള ഏത് ശ്രമവും മനുഷ്യജീവൻ അപകടത്തിലാക്കുന്നതാണ്. എം.പിമാരും എം.എൽ.എമാരും തന്നെ നേരിട്ട് അതിന് ശ്രമിക്കുന്നത് അമ്പരപ്പിക്കുന്നു. വിവരശേഖരണത്തിലൂടെ പഴുതടച്ച പ്രതിരോധത്തിന് സർക്കാർ ശ്രമിച്ചപ്പോൾ പ്രതിപക്ഷനേതാവ് വിവാദമുണ്ടാക്കി അട്ടിമറിക്കാൻ നോക്കി. അതിന്റെ തുടർച്ചയാണ് കേരളത്തെ താഴ്‌ത്തിക്കെട്ടാനുള്ള ശ്രമം.

കേന്ദ്രസർക്കാരുമായി യോജിച്ചാണ് സംസ്ഥാനം പ്രതിരോധപ്രവർത്തനങ്ങൾ നടത്തുന്നത്. വിയോജിപ്പുകളുള്ളപ്പോഴും പരസ്യപ്രതികരണത്തിന് പോകാതെ അങ്ങേയറ്റം ഉത്തരവാദിത്വത്തോടെ മുഖ്യമന്ത്രിയും സർക്കാരും പ്രവർത്തിക്കുമ്പോൾ കേന്ദ്രമന്ത്രി മുരളീധരന്റെ അപക്വമായ പ്രതികരണം ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കാനാണ്. നാട് ഒറ്റക്കെട്ടായി നിന്നാൽ പോലും ദുഷ്കരമാണ് കേരളം ഏറ്റെടുത്ത ദൗത്യം. അധികാരമോഹത്താൽ ഒരു സംഘം നടത്തുന്ന പ്രവർത്തനങ്ങൾ തള്ളിക്കളയണമെന്നും ഒരേ മനസ്സോടെ അതിജീവന പ്രവർത്തനങ്ങളിൽ പങ്കാളിയാകണമെന്നും സി.പി.എം അഭ്യർത്ഥിച്ചു.