തിരുവനന്തപുരം: ഇത് രാഷ്ട്രീയം കളിക്കേണ്ട സമയമല്ലെന്ന് പറയുന്ന മുഖ്യമന്ത്രിയും സർക്കാരുമാണ് ഈ കൊവിഡ് കാലത്ത് യഥാർത്ഥത്തിൽ രാഷ്ട്രീയം കളിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
വാളയാറിൽ ജനപ്രതിനിധികൾ പോയത് രാഷ്ട്രീയം കളിക്കാനല്ല. അന്യസംസ്ഥാനങ്ങളിൽ നിന്ന് ജീവനും കൊണ്ടോടി വന്ന സഹോദരങ്ങളെ വാളയാറിൽ സർക്കാർ തടയുകയും പ്രാഥമിക സൗകര്യം പോലും ചെയ്തു കൊടുക്കാതിരിക്കുകയും വെയിലിലും മഴയിലും സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനക്കൂട്ടം നരകിക്കുകയും ചെയ്തപ്പോഴാണ് ജനപ്രതിനിധികൾ ചെന്നത്. അത് ജനപ്രതിനിധികളുടെ കടമയാണ്. അല്ലാതെ നമ്മുടെ സഹോദരങ്ങൾക്ക് മുന്നിൽ വാതിൽ കൊട്ടിയടച്ച് അവരെ മരണദൂതന്മാരായി ചിത്രീകരിക്കുകയല്ല വേണ്ടത്.
വാളയാറിൽ ആളുകൾക്ക് രാത്രിയും പകലും വഴിയോരത്ത് കെട്ടിക്കിടക്കേണ്ടി വന്ന ദുരവസ്ഥ സൃഷ്ടിച്ചത് സർക്കാരാണ്. ചെക്ക് പോസ്റ്റുകളിൽ ധാരാളം പേരെത്തുമെന്ന് മുൻകൂട്ടി കണ്ട് ആവശ്യമായ ക്രമീകരണമൊരുക്കിയിരുന്നെങ്കിൽ പരിതാപകരമായ അവസ്ഥ ഉണ്ടാകുമായിരുന്നില്ല. സർക്കാരിന്റെ വീഴ്ചയിലുണ്ടായ ജനരോഷത്തിൽ നിന്ന് രക്ഷപ്പെടാനാണ് ജനപ്രതിനിധികൾ നാടകം കളിക്കുന്നുവെന്നൊക്കെ മുഖ്യമന്ത്രി ആക്ഷേപിക്കുന്നത്.
വാളയാറിൽ പോയ ജനപ്രതിനിധികളെ വിമർശിക്കുകയും ക്വാറന്റൈനിൽ പോകണമെന്ന് പറയുകയും ചെയ്യുന്ന മുഖ്യമന്ത്രി കൊവിഡ് രോഗികളെ സന്ദർശിക്കുകയും തൊട്ടടുത്ത് നിന്ന് സംസാരിക്കുകയും ചെയ്ത മന്ത്രി എ.സി മൊയ്തീനെ ന്യായീകരിക്കുന്നത് രാഷ്ട്രീയ നാടകമല്ലേ? പോത്തൻകോട് സ്കൂളിൽ പിഞ്ചു കുട്ടികളെ സംഘടിപ്പിച്ച് നാടകം കളിച്ച മന്ത്രി കടകംപള്ളിക്കെതിരെ ലോക്ക് ഡൗൺ ലംഘനത്തിന് കേസെടുക്കാതെ യോഗത്തിലും സമരത്തിലും പങ്കെടുത്തതിന് അടൂർ പ്രകാശ് എം.പിക്കും ശബരീനാഥൻ എം.എൽ.എയ്ക്കുമെതിരെ കേസെടുത്തു. ഓടി നടന്ന് പരിപാടികൾ സംഘടിപ്പിക്കുന്ന മന്ത്രി സുനിൽകുമാറിനെതിരെ നടപടി ഇല്ല. കൊറോണ വൈറസ് മന്ത്രിമാരെ ബാധിക്കില്ലെന്നാണോ മുഖ്യമന്ത്രി കരുതുന്നതെന്നും ചെന്നിത്തല ചോദിച്ചു.
അതിർത്തിയിൽ പോയാൽ കേൾക്കാം
മലയാളിയുടെ നിലവിളി: ഉമ്മൻചാണ്ടി
തിരുവനന്തപുരം: അതിർത്തിയിൽ പോയാലറിയാം മലയാളികൾ അനുഭവിക്കുന്ന ദൈന്യതയും നിലവിളിയുമെന്ന് ഉമ്മൻചാണ്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. യു.ഡി.എഫ് ജനപ്രതിനിധികൾ രാഷ്ട്രീയനാടകം കളിക്കുകയാണെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഈ ഘട്ടത്തിൽ ഒരു രാഷ്ട്രീയവും ആരും കാണുന്നില്ല. പക്ഷേ അഭിപ്രായവ്യത്യാസം ചൂണ്ടിക്കാട്ടാതിരിക്കാനാവില്ല. സർക്കാർ നടപടികളുമായി ഇതുവരെ പൂർണമായി സഹകരിച്ചിട്ടുണ്ട്. വാളയാറിൽ യു.ഡി.എഫ് ജനപ്രതിനിധികൾ പോയശേഷമാണ് അവിടത്തെ പ്രശ്നങ്ങൾ പരിഹരിച്ചത്. അവരെ ക്വാറന്റൈനിലാക്കിയത് ശരിയാണോയെന്ന്
ജനങ്ങൾ പരിശോധിക്കട്ടെ.
ജനപ്രതിനിധികളെ ക്വാറന്റൈനിലാക്കിയതിനെ ന്യായീകരിക്കാനാണ് മാദ്ധ്യമപ്രവർത്തകരെയും മറ്റുദ്യോഗസ്ഥരെയും നിരീക്ഷണത്തിലേക്ക് മാറ്റിയത്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പാക്കേജ് സാധാരണ ജനങ്ങളെ പരിഗണിക്കാതെയുള്ളതാണ്. ചെറുകിട സംരംഭങ്ങൾക്കും കാർഷികമേഖലയ്ക്കും സഹായം നൽകുന്നത് സ്വാഗതാർഹമാണ്. പക്ഷേ പട്ടിണിയിലായ അസംഘടിതമേഖലയിലെ തൊഴിലാളികൾക്ക് എന്തു സഹായമാണ് ലഭിക്കുന്നത്. പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കാൻ സംസ്ഥാനങ്ങൾക്കാണ് ചുമതല. എന്നാൽ സംസ്ഥാനത്തിന് സഹായമില്ല.
മദ്യം പുറത്ത് വിൽക്കാൻ ബാറുകൾക്ക് അനുമതി നൽകാനുള്ള തീരുമാനം ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാളയാർ സന്ദർശനം
കടമ:യു.ഡി.എഫ്
കൊച്ചി: ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റാനാണ് ജനപ്രതിനിധികൾ വാളയാറിൽ പോയതെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ പറഞ്ഞു. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചിട്ടില്ല. സി.പി.എമ്മും സർക്കാരുമാണ് പ്രശ്നം രാഷ്ട്രീയവത്കരിച്ചതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മലയാളികൾ സഹായം തേടി വിളിച്ചപ്പോഴാണ് അവർ ചെന്നത്. നിരീക്ഷണത്തിൽ പോകാൻ പറയേണ്ടത് ആരോഗ്യ വകുപ്പാണ്. അതിനുമുമ്പ് സി.പി.എം ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടത് രാഷ്ട്രീയക്കളിയാണ്.
ഹോട്ട്സ്പോട്ടുകൾ വരുന്നതിന് മുമ്പ് മലയാളികളെ നാട്ടിലെത്തിക്കാൻ സർക്കാർ ശ്രമിച്ചില്ല. ആവശ്യത്തിന് ക്വാറന്റൈൻ സംവിധാനങ്ങൾ ഒരുക്കാതിരുന്നതാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്ന് അദ്ദേഹം പറഞ്ഞു.