വിൻഡ്ഹോക്ക് : മന്ത്രിമാരും ഗവൺമെന്റ് ജീവനക്കാരും വരുന്ന അഞ്ച് വർഷത്തേക്ക് പുതിയ കാർ വാങ്ങിക്കുന്നതിൽ നിരോധനമേർപ്പെടുത്തി ആഫ്രിക്കൻ രാജ്യമായ നമീബിയ. പ്രസിഡന്റ് ഹെയ്ജ് ഗെയ്ൻഗോബിന്റെ ഓഫീസിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് പുതിയ ഉത്തരവ്.
ഇതിലൂടെ ലാഭിക്കുന്ന പണം രാജ്യത്ത് കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാണ് തീരുമാനം. ഏകദേശം 10.7 ദശലക്ഷം യു.എസ് ഡോളർ ഇത്തരത്തിൽ സമാഹരിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. കൊവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് സാമ്പത്തികമായ പ്രത്യാഘാതം നേരിടാൻ പോകുകയാണ്. അതുകൊണ്ട് തന്നെ ഈ പണം പ്രതിസന്ധി തരണം ചെയ്യാൻ അടിയന്തര ഘട്ടത്തിൽ പ്രയോഗിക്കാനാകുമെന്നും പ്രസിഡന്റ് അറിയിച്ചു. അധികാരമേൽക്കുമ്പോൾ നമീബിയയിലെ എല്ലാ മന്ത്രിമാർക്കും ഒരു മെഴ്സിഡസ് ബെൻസാണ് ലഭിക്കുന്നത്. 2.5 ദശലക്ഷം പേർ ജീവിക്കുന്ന നമീബിയയിൽ ഇതേവരെ 16 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ വരെ മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.