തിരുവനന്തപുരം: കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ സംഘടിത വിമർശനമുയർന്നത് വാർത്തയായ ശേഷം ചേരാതിരുന്ന കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ന് ചേരും. ഇന്ദിരാഭവനിൽ രാവിലെ 11ന് ആരംഭിക്കുന്ന യോഗത്തിൽ തലസ്ഥാനത്തുള്ളവർ നേരിട്ടും അല്ലാത്തവർ വീഡിയോ കോൺഫറൻസ് വഴിയും പങ്കെടുക്കും.
കഴിഞ്ഞ യോഗത്തിലുയർന്ന വിമർശനം തനിക്കെതിരായ ഒറ്റ തിരിഞ്ഞ ആക്രമണമാണെന്ന വ്യാഖ്യാനത്തോടെ വാർത്തകൾ വന്നതിൽ മുല്ലപ്പള്ളി നീരസത്തിലായിരുന്നു. രാഷ്ട്രീയകാര്യ സമിതി തന്നെ പിരിച്ചുവിടണമെന്ന നിലപാടിലേക്ക് അദ്ദേഹം നീങ്ങിയെങ്കിലും പല തലത്തിൽ കൂടിയാലോചനകൾക്ക് ശേഷം സമിതി തുടരട്ടെയെന്ന് തീരുമാനിക്കുകയായിരുന്നു. ഹൈക്കമാൻഡും ഇടപെട്ടു.
പുനഃസംഘടന ഒരു ഘട്ടം പൂർത്തിയാക്കിയ സ്ഥിതിക്ക്, നയതീരുമാനങ്ങൾ ഇനി കെ.പി.സി.സി വഴി മതിയെന്നായിരുന്നു പ്രസിഡന്റിന്റെ നിലപാട്. കഴിഞ്ഞ ഭരണകാലത്ത് സർക്കാർ- പാർട്ടി ഏകോപനത്തിനായി രൂപീകരിച്ച രാഷ്ട്രീയകാര്യ സമിതിക്ക് ഇപ്പോൾ പ്രസക്തിയില്ലെന്നും അദ്ദേഹം നേതൃത്വത്തെ ധരിപ്പിച്ചു. ഇതിനെതിരെ എ, ഐ ഗ്രൂപ്പുകൾ രംഗത്തെത്തി. ഹൈക്കമാൻഡ് രൂപീകരിച്ച സമിതിയെ ഏകപക്ഷീയമായി മരവിപ്പിക്കാനാകില്ലെന്നായിരുന്നു ഗ്രൂപ്പുകളുടെ നിലപാട്.
കെ.പി.സി.സി സെക്രട്ടറിമാരുടെയും എക്സിക്യൂട്ടീവിന്റെയും നിയമനത്തിൽ തീരുമാനമായിട്ടില്ല. വൈസ് പ്രസിഡന്റുമാർക്കും ജനറൽസെക്രട്ടറിമാർക്കും ചുമതലാ വിഭജനവുമായില്ല. പ്രസിഡന്റ് ചുമതലകൾ വിഭജിച്ച് നൽകി കരട് നിർദ്ദേശം വച്ചെങ്കിലും ഗ്രൂപ്പുകൾ എതിർത്തതോടെ അതും മരവിപ്പിച്ചു.
സ്വന്തം കീഴിലുള്ള ഭാരവാഹികളുടെ ചുമതലാ വിഭജനത്തിന് പോലും സ്വാതന്ത്ര്യം ലഭിക്കാത്തതിൽ പ്രസിഡന്റ് അതൃപ്തനാണ്. ഇനി ഉമ്മൻ ചാണ്ടിയും രമേശും തീരുമാനിച്ച് പറയട്ടെ എന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. കേരളത്തിലെ സ്ഥിതിഗതികൾ ഹൈക്കമാൻഡിനും ബോദ്ധ്യപ്പെട്ടിട്ടുണ്ട്.