തിരുവനന്തപുരം: വീട്ടിലെ റേഷൻ കാർഡ് ഭാര്യയുടെ പക്കലാണെങ്കിലും മറ്റൊരു സംസ്ഥാനത്ത് ജോലിചെയ്യുന്ന ഭർത്താവിനും റേഷൻ വാങ്ങാം. പക്ഷേ, ഓരോ മാസത്തെയും റേഷൻവിഹിതത്തിൽ കുറച്ചെങ്കിലും കാർഡിൽ ബാക്കിയുണ്ടാവണം. കാർഡ് കാട്ടേണ്ട ആവശ്യമില്ല. ആധാർ കാർഡും റേഷൻ കാർഡ് നമ്പറും മതി. ഇതാണ് ഒരു രാജ്യം, ഒരു കാർഡ് പദ്ധതി.
പാവപ്പെട്ടവർക്കുമാത്രമേ ഇപ്പോൾ ഇങ്ങനെ വാങ്ങാൻ കഴിയൂ. മഞ്ഞ, പിങ്ക് കാർഡുകളാണെങ്കിൽ സംഗതി നടക്കുമെന്നർത്ഥം.
സംവിധാനം
# ഇ-പോസ് മെഷീനിൽ കാർഡ് ഉടമയോ, കുടുംബാംഗമോ വിരൽ പതിപ്പിച്ചാണ് സാധനം വാങ്ങുന്നത്.
# മെഷീനിൽ ഒരംഗത്തിന്റെ വിരലടയാളവും എല്ലാ അംഗങ്ങളുടെയും ആധാർ നമ്പരും രേഖപ്പെടുത്തിയിട്ടുണ്ട്.
# ആധാർ കാർഡ് കാട്ടി, റേഷൻകാർഡ് നമ്പർ കുറിച്ചു കൊടുത്താൽ വിദൂരദേശത്ത് റേഷൻ വാങ്ങാം.
കേരളം ആദ്യമേ...
'ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി തുടങ്ങിയപ്പോഴേ കേരളം ചേർന്നിരുന്നു. ഏപ്രിൽ വരെ 12 സംസ്ഥാനങ്ങളാണ് അംഗമായത്. ഇപ്പോഴത് 17 ആയി. ഈ സംസ്ഥാനങ്ങളിൽ മാത്രമെ ഇപ്രകാരം റേഷൻ വാങ്ങാൻ കഴിയൂ.
ബംഗാളില്ല
ജാർഖണ്ഡ്, ബീഹാർ സംസ്ഥാനങ്ങൾ പദ്ധതിയിൽ ചേർന്നതിനാൽ അവിടെ നിന്ന് കേരളത്തിലെത്തിയ തൊഴിലാളികൾക്ക് പ്രയോജനപ്പെടും. ബംഗാൾ, ഒഡീഷ, അസം സംസ്ഥാനങ്ങൾ ചേർന്നിട്ടില്ല.
പങ്കാളികളായ മറ്റു സംസ്ഥാനങ്ങൾ:അന്ധ്രപ്രദേശ്, തെലങ്കാന, ഗുജറാത്ത്, മഹാരാഷ്ട്ര, ഹരിയാന, രാജസ്ഥാൻ, കർണാടക, മദ്ധ്യപ്രദേശ്, ഗോവ, ത്രിപുര, ഉത്തർ പ്രദേശ്, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഡാമൻ-ഡിയൂ.
മുൻഗണനാ വിഭാഗത്തിനുള്ള വിഹിതം സംസ്ഥാന സർക്കാരുകളാണ് നിശ്ചയിക്കുന്നത്. അതിന് ഏകീകൃത രൂപമില്ല. കാർഡ് പ്രകാരം ജാർഖണ്ഡ് സർക്കാർ നിശ്ചയിച്ച വിഹിതമേ അവിടെ നിന്നുവന്ന ഒരു തൊഴിലാളിക്ക് ഇവിടെ ലഭിക്കൂ.
വേണുഗോപാൽ
ഭക്ഷ്യവകുപ്പ് സെക്രട്ടറി